മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം. സർക്കാരിന് വിഷയത്തിൽ ഒരു നയവുമില്ല. ജലനിരപ്പ് 139.5 അടിയായി നിശ്ചയിച്ചുള്ള തീരുമാനം വന്നപ്പോൾ തമിഴ്‌നാട് മന്ത്രിയെ പോലെയാണ് റോഷി അഗസ്റ്റിൻ സംസാരിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു ചെന്നിത്തല
ഇടുക്കിയിലെ ജനങ്ങൾക്ക് ഇപ്പോൾ രണ്ട് ഭീഷണിയാണ്. ഡാമിന്റെ സുരക്ഷയും കൂടാതെ ആശങ്കപ്പെടേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സംസാരിച്ചാലുള്ള നിയമനടപടിയും. കേരളത്തിന്റെ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒന്നും കേരള സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. രണ്ട് സംസ്ഥാനങ്ങളിലെ സർവകക്ഷി സംഘങ്ങളെ ഉപയോഗിച്ച് സമവായ ചർച്ച നടത്തി വിഷയം പരിഹരിക്കണമെന്നും ചെന്നിത്തല നിർദേശിച്ചു
എന്നാൽ വിഷയത്തിൽ ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി. പുതിയ ഡാം നിർമിക്കണമെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ടുപോയിട്ടില്ല. തമിഴ്‌നാടുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് വരുത്തിതീർക്കുന്നത് ശരിയല്ല. സുപ്രീം കോടതിയിൽ അടക്കം കേരളത്തിന്റെ താത്പര്യം ഉയർത്തിപിടിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.