സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ കോഫെപോസ ചുമത്തും; ഒരു വർഷം കരുതൽ തടങ്കൽ

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് മേൽ കോഫെപോസ നിയമം ചുമത്തും. ഇതിന്റെ നടപടിക്രമങ്ങൾക്ക് തുടക്കമായി. കൊച്ചി കസ്റ്റംസ് പ്രിവന്റീവാണ് നടപടികൾ ആരംഭിച്ചത്.

സ്വപ്‌ന സുരേഷ്, സന്ദീപ് നായർ അടക്കമുള്ള പ്രതികളെ ഒരു വർഷം കരുതൽ തടങ്കലിലാക്കുന്നതിനായാണ് കോഫെപോസ ചുമത്തുന്നത്. സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരെയാണ് സാധാരണ ഈ നിയമം ചുമത്താറുള്ളത്.

കോഫെപോസ ബോർഡിന് മുന്നിൽ ഇതിനായി അപേക്ഷ സമർപ്പിക്കും. ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ സമിതിയാണ് ഇതിനായുള്ള അനുമതി നൽകേണ്ടത്. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാണെന്ന് കസ്റ്റംസ് ചൂണ്ടിക്കാണിക്കും.