സ്വകാര്യ ബസ് ചാർജ് വർധനക്ക് എൽ ഡി എഫിന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ നിരക്ക് വർധിപ്പിക്കാൻ എൽ ഡി എഫ് അനുമതി നൽകി. ഇതുമായി സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗത മന്ത്രി ആന്റണി രാജുവിനെയും ഏൽപ്പിച്ചു. നാളെ മന്ത്രിസഭാ യോഗം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്തേക്കും.

ഗതാഗത മന്ത്രി ആന്റണി രാജു ബസ് ഉടമകളുമായി നാട്ടകം ഗസ്റ്റ്ഹൗസിൽ ഇന്നലെ രാത്രി നടത്തിയ ചർച്ചയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചിരുന്നു.  ഈ മാസം 18ന് മുമ്പ് ബസ് ഉടമകൾ ഉന്നയിച്ച വിഷയങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് സമരം മാറ്റിയത്.

മിനിമം നിരക്ക് 12 രൂപയാക്കണമെന്നും വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണമെന്നുമടക്കമുള്ള വിവിധ ആവശ്യങ്ങളാണ് ബസ് ഉടമകൾ സർക്കാറിന് മുന്നിൽ വെച്ചത്. അടിക്കടി ഡീസൽ വില ഉയർന്ന പശ്ചാത്തലത്തിലാണ് ബസ് സമരം പ്രഖ്യാപിച്ചത്.