സംസ്ഥാനത്ത് ബസ് ചാർജ് വർധനവുണ്ടായേക്കും. മിനിമം ബസ് ചാർജ് പത്ത് രൂപയാക്കാനാണ് ധാരണ. ഈ മാസം 18ന് ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുന്നതിൽ വിശദമായ കൂടിയാലോചനകളും നടക്കും.
ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ ചൊവ്വാഴ്ച മുതൽ സമരം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ നടന്ന ചർച്ചയിൽ ഗതാഗത മന്ത്രി ചാർജ് വർധനവിൽ അനുകൂല നിലപാട് എടുത്തതോടെയാണ് സമരം മാറ്റിവെച്ചത്.
മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് 90 പൈസയിൽ നിന്ന് ഒരു രൂപയാക്കി വർധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നതുവരെ വാഹന നികുതി പൂർണമായി ഒഴിവാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങൾ.