കുട്ടനാട് വെള്ളത്തിൽ മുങ്ങി; ആളുകളെ ടിപ്പറുകളിൽ കയറ്റി രക്ഷപ്പെടുത്തുന്നു

കനത്ത മഴയിൽ അപ്പർ കുട്ടനാടും കുട്ടനാടും വെള്ളത്തിൽ മുങ്ങി. നിരവധി വീടുകളിൽ വെള്ളം കയറി. ഇതോടെ പ്രളയബാധിത മേഖലയിലുള്ളവരെ രക്ഷപ്പെടുത്തുന്നതിനായി ടിപ്പറുകളും ടോറസ് ലോറികളും രംഗത്തിറങ്ങി. എ സി റോഡിലൂടെയാണ് ആളുകളെ മാറ്റുന്നത്.

രക്ഷാപ്രവർത്തനത്തിനുള്ള ടിപ്പർ, ടോറസ് ലോറികളിൽ പോലീസ് സഹായവും ലഭ്യമാക്കിയിട്ടുണ്ട്. മനയ്ക്കച്ചിറ മുതൽ മാങ്കൊമ്പ് വരെയുള്ള ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷം. ചങ്ങനാശ്ശേരി മുതൽ കിടങ്ങറ വരെയുള്ള റോഡ് പോലീസ് അടച്ചുകെട്ടി ഗതാഗതം നിരോധിച്ചിട്ടുണ്ട്.

ആളുകളെ കുട്ടനാട് താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പിലേക്കും ചങ്ങനാശ്ശേരിയിലെ ക്യാമ്പിലേക്കും മാറ്റിപ്പാർപ്പിക്കാനാണ് നീക്കം. ആലപ്പുഴയിൽ ഇതുവരെ 30 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ചങ്ങനാശ്ശേരിയിൽ അഞ്ച് ക്യാമ്പുകളും ആരംഭിച്ചു.