വടക്കൻ ജില്ലകളിൽ രാത്രി മഴയിൽ വ്യാപക നാശനഷ്ടം. കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. രണ്ടിടത്ത് ഇന്നലെ ഉരുൾപൊട്ടി. പാന വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് വിലങ്ങാട് പ്രദേശത്ത് വെള്ളം കയറി. കുറ്റ്യാടി, വാണിമേൽ പുഴകളിൽ ജലനിരപ്പ് ഉയർന്നു. തീരത്തുള്ളവരെ മാറ്റി പാർപ്പിച്ചു
കോടഞ്ചേരി ചാലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ ശക്തമായി. വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണിത്. ചെമ്പുകടവ്, പറപ്പറ്റ പാലങ്ങൾക്ക് മുകളിലൂടെ വെള്ള ംകയറി. കോടഞ്ചേരി പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ചാലിപ്പുഴയുടെ സമീപത്തുള്ള പട്ടികവർഗ കോളനിയിലെ 31 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
ഇരുവഴഞ്ഞിപ്പുഴ, ചാലിയാർ പുഴകളിൽ ജലനിരപ്പ് ഉയർന്നു. മാവൂർ മേഖലയിലും വെള്ളലക്കെട്ട് രൂക്ഷമാണ്. ഒളവണ്ണ കൊടിനാട്ട് മുക്കിൽ വൃദ്ധ കിണറ്റിൽ വീണ് മരിച്ചു. കുന്നത്തൊടി ശാരദ(82)യാണ് മരിച്ചത്.
നിലമ്പൂരിലും കനത്ത മഴ തുടരുകയാണ്. ജനതപ്പടിയിൽ റോഡിലേക്ക് പുഴയിൽ നിന്നും വെള്ളം ഇരച്ചുകയറി. ഗതാഗതം സ്തംഭിച്ചു. കരുളായി, നെടുങ്കയം കോളനി നിവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
വയനാട് വാളാട് കോറോം കരിമ്പിൽ കബനി നദി കര കവിഞ്ഞതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറി. ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. മാനന്തവാടി നിരവിൽ പുഴയിൽ റോഡിൽ വെള്ളം കയറി. കുറ്റ്യാടി-വയനാട് പാതയിൽ ഗതാഗതം സ്തംഭിച്ചു. ജില്ലയിൽ 1500 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. എടവക ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ മൂന്ന് ദിവസമായി വൈദ്യുതി വിതരണം പുനസ്ഥാപിക്കാനായിട്ടില്ല