ഇടുക്കിയിൽ രാത്രിമഴയിൽ വ്യാപക നാശനഷ്ടം. ജില്ലയിൽ നാലിടത്ത് ഉരുൾപൊട്ടി. പീരുമേട്ടിൽ മൂന്നിടത്തും മേലെ ചിന്നാറിലുമാണ് ഉരുൾപൊട്ടലുണ്ടായത്. വാഗമൺ നലതണ്ണി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി. ഒരാൾ മരിച്ചു. നലതണ്ണി സ്വദേശി മാർട്ടിനാണ് മരിച്ചത്. അനീഷ് എന്നയാൾക്കുള്ള തെരച്ചിൽ തുടരുകയാണ്
നെടുങ്കണ്ടം കല്ലാർ ഡാമും ജലനിരപ്പ് ഉയർന്നതിനെ തുടർന്നു. കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും നേരത്തെ തുറന്നിരുന്നു. 800 ക്യൂമെക്‌സ് വീതം വെള്ളമാണ് പുറത്തുവിടുന്നത്. തീരങ്ങളിൽ താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശിച്ചു.
പൊൻമുടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഇന്ന് രാവിലെ പത്ത് മണിയോടെ തുറക്കും. മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിഞ്ഞു. ഇക്കാനഗറിൽ അഞ്ച് വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
മൂന്നാർ-ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിലെ പെരിയവര താത്കാലിക പാലം ഒലിച്ചുപോയി. ജലനിരപ്പ് ഉയർന്നുവെങ്കിലും ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തില്ല. നിലവിൽ ആശങ്ക വേണ്ടെന്ന് അധികൃതർ വ്യക്തമാക്കി.