കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്ന് വിജയരാഘവൻ, വ്യക്തിവൈരാഗ്യം വേണ്ടെന്ന് വാസവൻ

എ ആർ നഗർ സഹകരണ ബാങ്കിൽ പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന കെ ടി ജലീലിന്റെ ആരോപണം ഏറ്റെടുക്കാതെ സിപിഎം. മുഖ്യമന്ത്രി ഇന്നലെ കെ ടി ജലീലിനെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ കെ ടി ജലീലിനെ നേരിട്ട് വിളിച്ച് ഇ ഡി അന്വേഷണം ആവശ്യപ്പെട്ടതിൽ അതൃപ്തി അറിയിക്കുകയും ചെയ്തു

കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്നും സഹകരണ ബാങ്കിലേക്ക് ഇ ഡിയെ ക്ഷണിച്ചുവരുത്തുന് നടപടിയായി ജലീലിന്റേതെന്നും വിജയരാഘവൻ പറഞ്ഞു. ഇത് പാർട്ടിയുടെ നയത്തിനും നിലപാടുകൾക്കും എതിരാണ്. കാരണം കേരളത്തിലെ സഹകരണ ബാങ്കുകളിലേക്ക് ഇ ഡി കടന്നുകയറ്റം തുടങ്ങിയാൽ അത് എവിടെ അവസാനിക്കുമെന്ന് പറയാനാകില്ല. പ്രതികരണത്തിൽ ജാഗ്രത പാലിക്കണമെന്നും ജലീലിനോട് വിജയരാഘവൻ പറഞ്ഞു

തനിക്ക് പറയാനുള്ളതാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനും പറഞ്ഞു. ക്രമക്കേട് ഉണ്ടെന്ന് കണ്ടാൽ അത് അന്വേഷിക്കാനും കണ്ടെത്താനുമുള്ള നടപടി എടുക്കാൻ ഇവിടെ സംവിധാനമുണ്ട്. ഇ ഡി വന്ന് പരിശോധിക്കേണ്ട പ്രശ്‌നമില്ല. വ്യക്തിവൈരാഗ്യമുണ്ടെങ്കിൽ അത് തീർക്കാനുള്ള വേദിയായി സർക്കാർ ഒരു കാര്യത്തെയും കാണില്ലെന്നും വാസവൻ പറഞ്ഞു.