വനിതകൾക്ക് നാഷണൽ ഡിഫൻസ് അക്കാദമിയിലും നേവൽ അക്കാദമിയിലും പ്രവേശനം നൽകുമെന്ന് കേന്ദ്രം

സൈനിക വിഭാഗങ്ങളിലെ ലിംഗ വിവേചനത്തിന് അറുതിയാകുന്നു. വനിതകൾക്ക് നാഷണൽ ഡിഫൻസ് അക്കാദമിയിലും നേവൽ അക്കാദമിയിലും പ്രവേശനം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച തീരുമാനം ചൊവ്വാഴ്ച ആയതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. പ്രവേശനത്തിനുള്ള മാർഗരേഖ തയ്യാറാക്കാൻ കോടതി കേന്ദ്രത്തിന് സമയം അനുവദിച്ചു

വനിതകൾക്ക് എൻ ഡി എയിലും നേവൽ അക്കാദമിയിലും പ്രവേശനം നിഷേധിക്കുന്നത് മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് നൽകിയ ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്രസർക്കാർ കോടതിയെ നിലപാട് അറയിിച്ചത്. എൻഡിഎയിലൂടെ സ്ഥിരം കമ്മീഷൻ പദവിയിലേക്ക് വനിതകളെ നിയമിക്കാൻ ഇന്നലെ തീരുമാനമായെന്ന് കേന്ദ്രസർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

ഈ വർഷം പ്രവേശനം നൽകാനാകില്ല. നിലവിൽ വനിതകളുടെ പ്രവേശനത്തിനുള്ള മാർഗരേഖയില്ല. അത് തയ്യാറാക്കുന്നതിന് സമയം ആവശ്യമാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു. സർക്കാർ തീരുമാനം സ്വാഗതം ചെയ്ത കോടതി നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ നിർദേശിച്ചു.