നിങ്ങൾ പ്രഖ്യാപിച്ച ലോക്ക് ഡൗണാണ് ദുരിതങ്ങൾക്ക് കാരണം: മൊറട്ടോറിയം പലിശ വിഷയത്തിൽ കേന്ദ്രത്തോട് സുപ്രീം കോടതി

ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുന്നതിൽ തീരുമാനം വൈകുന്നതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്പര്യം മാത്രം കാണുന്നതാകരുത് സർക്കാർ നയമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി

മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കാൻ സാധിക്കില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ ദുരന്തനിവാരണ നിയമപ്രകാരം കേന്ദ്രസർക്കാരിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ദുരിതമുണ്ടാകാൻ കാരണം നിങ്ങൾ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ആണ്. അതിനാൽ തീരുമാനമെടുക്കാതെ റിസർവ് ബാങ്കിന് പിന്നിൽ ഒളിച്ചിരിക്കാൻ കേന്ദ്രസർക്കാരിന് സാധിക്കില്ല

എന്നാൽ കേന്ദ്രസർക്കാർ ആർ ബി ഐക്ക് പിന്നിൽ ഒളിഞ്ഞു നിൽക്കുന്നുവെന്ന പരാമർശം തെറ്റാണെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ കേന്ദ്രം നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചു.