സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുതലെടുപ്പ് തുടരുന്നു. ഫയലുകൾ നശിപ്പിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ രക്ഷിക്കാനാണെന്ന് ചെന്നിത്തല പറഞ്ഞു. തീപിടിത്തതിതന് പിന്നിൽ വലിയ അട്ടിമറിയാണ്. പഴയ ഫാൻ കൊണ്ടുവന്ന് കെട്ടിത്തൂക്കി ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു. തീപിടിത്തമുണ്ടായത് യാദൃശ്ചികമല്ല. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അവിശ്വാസ് മേത്ത ആയെന്നും ചെന്നിത്തല പറഞ്ഞു
രമേശ് ചെന്നിത്തല ഇന്ന് ഗവർണർക്ക് കത്ത് നൽകും. ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി അന്വേഷിക്കണമെന്നും നിർണായക കേസുകളുടെ ഭാഗമായ ഫയലുകൾ സംരക്ഷിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർക്ക് കത്ത് നൽകുന്നത്.
ഷോർട്ട് സർക്യൂട്ട് മൂലമുള്ള തീപിടിത്തമാണെങ്കിലും പരമാവധി മുതലെടുപ്പിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. തീപിടിത്തമുണ്ടായതിന് പിന്നാലെ ഇന്നലെ രാത്രി രമേശ് ചെന്നിത്തലയും മറ്റ് നേതാക്കളും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്വർണക്കടത്ത് അടക്കമുള്ള നിർണായക കേസുകളുമായി ബന്ധപ്പെട്ട രേഖകളാണ് കത്തി നശിച്ചതെന്നും തെളിവ് നശിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണുണ്ടായതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇന്ന് പ്രതിപക്ഷം സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുകയാണ്.