ന്യൂഡൽഹി: മൊറോട്ടോറിയം നീട്ടി നൽകണമെന്ന ഹർജികളിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഓഗസ്റ്റ് 31 വരെ കുടിശ്ശിക വരുത്തിയ അക്കൗണ്ടുകൾ രണ്ടു മാസത്തേയ്ക്ക് നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്ന് കോടതി നിർദേശിച്ചു. കേസിൽ സെപ്റ്റംബർ 10ന് കോടതി തുടർ വാദം കേൾക്കും.
മൊറോട്ടോറിയം കാലയളവിൽ പിഴപ്പലിശ ബാധകമാണോ എന്ന കാര്യം വിശദീകരിക്കണമെന്ന് വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി നിർദേശിച്ചു. പിഴപ്പലിശയും മൊറോട്ടോറിയവും ഒരുമിച്ച് പോകില്ലെന്നും കോടതി പറഞ്ഞു.
മൊറോട്ടോറിയം കാലയളവിൽ പിഴപ്പലിശ വാങ്ങണോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. റിസർവ് ബാങ്ക് ഇക്കാര്യത്തിൽ വിദശീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.
പഴയ മൊറോട്ടോറിയത്തിനു പകരം പുതിയ ആനുകൂല്യങ്ങളടക്കം മൊറോട്ടോറിയം നൽകുന്നത് സംബന്ധിച്ച് ആർ.ബി.ഐയുടെ സർക്കുലറിൽ വിശദീകരിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു.