സ്വപ്ന സുരേഷും സരിത്തും സ്വർണക്കടത്ത് തുടങ്ങിയത് 2019 മുതൽ.സ്വപ്നാ സുരേഷാണ് മുഖ്യ ആസൂത്രികയെന്ന് അന്വേഷണ സംഘം

സ്വപ്ന സുരേഷും സരിത്തും സ്വർണക്കടത്ത് തുടങ്ങിയത് 2019 മുതൽ. ആറുതവണയായി നൂറുകോടി വിലമതിക്കുന്ന സ്വർണം കടത്തിയതായാണ് കണ്ടെത്തിയത്. ഐടി വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻ മാനേജർ സ്വപ്നാ സുരേഷാണ് സ്വർണകടത്തിന്റെ മുഖ്യആസൂത്രകയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇവർ ഒളിവിലാണ്. കസ്റ്റംസിന്റെ പിടിയിലായ കോൺസുലേറ്റ് മുൻ പിആർഒയും തിരുവല്ല സ്വദേശിയുമായ സരിത്തിൽ നിന്നാണ് കൂട്ടാളിയായ സ്വപ്നയെ കുറിച്ചുള്ള വിവരം ലഭിച്ചത്. 15 കോടി രൂപ വിലവരുന്ന 30 കിലോ സ്വർണമാണ് യുഎഇ കോൺസുലേറ്റിന്റെ പേരിൽ വന്ന ഡിപ്ലോമാറ്റിക് പാഴ്സലിൽ കണ്ടെത്തിയത്. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് കേസന്വേഷിക്കുന്നത്.

കേസിൽപ്പെട്ടതിനുപിന്നാലെ ഐടി പാർക്കിലെ ജോലിയിൽനിന്ന് സ്വപ്നയെ സർക്കാർ പുറത്താക്കി. സ്വപ്നയുടെ ഉന്നതബന്ധങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ സംഭവത്തിന് രാഷ്ട്രീയമാനവും കൈവന്നുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായും ഐടി സെക്രട്ടറി എം ശിവശങ്കറുമായും ഇവർക്ക് ബന്ധമുണ്ടെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ആരോപണം. ഒരുലക്ഷം രൂപയ്ക്കുമേൽ ശമ്പളമുള്ള നിയമനം വഴിവിട്ടാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സ്വപ്നയുടെ തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ളാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടത്തെ നിരീക്ഷണക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു. ഹാർഡ് ഡിസ്‌ക് പിടിച്ചെടുത്തു. സ്വർണക്കടത്തിലെ കൂട്ടാളികൾ ഫ്ളാറ്റിൽ എത്തിയിരുന്നതായി സൂചനയുണ്ട്.