ആലപ്പുഴ പുന്നപ്രയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ഇരുചക്ര വാഹനത്തിലിരുത്തി. പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നാണ് രോഗിയെ ബൈക്കിലിരുത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ഓക്‌സിജൻ സൗകര്യമില്ലെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് ഇല്ലാത്തതിനാൽ ബൈക്കിൽ കൊണ്ടുപോകുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ഡോക്ടർമാരും സ്ഥലത്ത് ഇല്ലായിരുന്നു. ശുചീകരണത്തിന് എത്തിയവരാണ് രോഗിയെ പിപിഇ കിറ്റ് ധരിച്ച് മറ്റൊരു കൊവിഡ് രോഗിയുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ അന്വേഷിക്കാൻ കലക്ടർ ഡിഎംഒക്ക് നിർദേശം നൽകി