കോഴിക്കോട് വിവാഹ ദിവസം യുവതി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

 

വിവാഹ ദിവസം പ്രതിശ്രുത വധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർഥിനിയായ മേഘയാണ് മരിച്ചത്. 30 വയസ്സായിരുന്നു. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ്ബാബുവിന്റെ മകളാണ്. മേഘ പഠിക്കുന്ന ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായാണ് വിവാഹം ഉറപ്പിച്ചിരുന്നത്

വിവാഹത്തിന്റെ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് മേഘയെ മരിച്ച നിലയിൽ കാണുന്നത്. രാവിലെ ബ്യൂട്ടീഷൻ വന്നതോടെ കുളിച്ചുവരാമെന്ന് പറഞ്ഞ് കുളിമുറിയിൽ കയറിയ മേഘ തൂങ്ങിമരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും പുറത്തുവരാത്തതിനെ തുടർന്ന് വെന്റിലേഷൻ തകർത്ത് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല