ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി; തള്ളിയാൽ അറസ്റ്റുണ്ടാകും

 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. രാവിലെ 10.15ന് ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിൾ ബഞ്ചാണ് വിധി പറയുന്നത്. ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ ദിലീപ് അടക്കമുള്ള പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തേക്കും

അതേസമയം മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചാൽ പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായിരിക്കും. ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിഭാഗം. അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി മറ്റൊരു ബഞ്ചും ഇന്ന് പരിഗണിക്കുന്നുണ്ട്

കേസിലെ വാദം വെള്ളിയാഴ്ച പൂർത്തിയായിരുന്നു. തുടർന്നാണ് കോടതി വിധി പറയാൻ മാറ്റിയത്. സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാൽ നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ കള്ളസാക്ഷിയാണെന്നും പ്രതിഭാഗം വാദിച്ചു. ദിലീപിനെ ജയിലിലാക്കാൻ സിഐ ബൈജു പൗലോസും ബാലചന്ദ്രകുമാരും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും കെട്ടിച്ചമച്ചതാണ് ഗൂഢാലോചനാ കേസെന്നും പ്രതിഭാഗവും വാദിച്ചു.