നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപും കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും. ഉച്ചയ്ക്ക് 1.45നാണ് ഹർജി പരിഗണിക്കുന്നത്. കേസ് നിലനിൽക്കില്ലെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്റെ കൈവശമുള്ളതെന്നും പ്രതിഭാഗം ഇന്നലെ നിലപാടെടുത്തിരുന്നു.
വധഗൂഢാലോചനക്ക് കൂടുതൽ തെളിവുകളുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ദിലീപന്റെ അടക്കം സംഭാഷണം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ ഹൈക്കോടതിയുടെ നിലപാട് എന്തായിരിക്കുമെന്നാണ് അറിയേണ്ടത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ചിൽ പരിഗണനക്ക് വരുന്നുണ്ട്. വധഗൂഢാലോചനക്കേസിലെ പ്രതികളുടെ ശബ്ദപരിശോധന നടത്തണമെന്ന ക്രൈംബ്രാഞ്ച് അപേക്ഷ ആലുവ കോടതിയുടെ പരിഗണനയിലാണ്.