സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിലാണ് വിധി പറയുക. ശിവശങ്കറിനും സംസ്ഥാന സർക്കാരിനും ഇന്നത്തെ ദിവസം നിർണായകമാണ്
ശിവശങ്കറിന് ജാമ്യം നൽകുന്നതിനെ ഇഡിയും കസ്റ്റംസും ശക്തമായി എതിർത്തിരുന്നു. സ്വർണക്കടത്തിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിന് ഉപയോഗിച്ചുവെന്നുമാണ് ഇ ഡി വാദിച്ചത്.
മുൻകൂർ ജാമ്യഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. സ്വപ്നയെ മുന്നിൽ നിർത്തി എല്ലാം നിയന്ത്രിച്ചത് ശിവശങ്കറാണെന്നും അന്വേഷണസംഘം ആരോപിക്കുന്നു. എന്നാൽ താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അന്വേഷണമെന്ന പേരിൽ തനിക്ക് നേരെ നടക്കുന്നത് മാനസിക പീഡനമാണെന്നുമാണ് ശിവശങ്കർ ചൂണ്ടിക്കാണിച്ചത്.