മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തി; ലോകായുക്ത ഓർഡിനൻസ് സാഹചര്യം വിശദീകരിച്ചു

വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ലോകായുക്ത ഭേദഗതി ഓർഡിനൻസിന്റെ പശ്ചാത്തലത്തിലായിരുന്നു രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നേരം നീണ്ടു. ഓർഡിനൻസ് ഭരണഘടന അനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു

ഓർഡിനൻസ് കൊണ്ടുവരാനിടയായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു. നിലവിലെ നിയമത്തിൽ ഭരണഘടനാവിരുദ്ധമായ വകുപ്പുണ്ടെന്നും അതുകൊണ്ടാണ് നിയമഭേദഗതി വന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇക്കാര്യത്തിൽ നിയമോപദേശം ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ഗവർണറുടെ നിലപാടാകും ഇനി നിർണായകമാകുക. ഓർഡിനൻസിൽ ഒപ്പുവെച്ചാൽ സർക്കാരിന് ഗുണകരവും പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാകുകയും ചെയ്യും.