അമേരിക്കയിലെ ചികിത്സക്കും ഒരാഴ്ചത്തെ ദുബൈ സന്ദർശനത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും. വിവാദങ്ങളുടെ നടുവിലേക്കാണ് മുഖ്യമന്ത്രി വന്നിറങ്ങുന്നത്. സ്വപ്‌നയുടെ വെളിപ്പെടുത്തലോടെ സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ പ്രതിപക്ഷം ശക്തമാക്കിയ സന്ദർഭമാണിത്. ഒപ്പം ലോകായുക്ത ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം വൈകുന്നതും സർക്കാരിന് തലവേദനയാണ്
മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്താനിടയുണ്ട്. ഓർഡിനൻസിന്റെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിക്കും. മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ ഗവർണറുടെ കടുത്ത നിലപാടിന് അവസാനമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. വിഷയത്തിൽ ഗവർണർ നിയമ വിദഗ്ധരുമായുള്ള ചർച്ച തുടരുകയാണ്
ശിവശങ്കറിന്റെ പുസ്തകം പുറത്തുവന്നതിന് പിന്നാലെയാണ് സ്വപ്‌ന സുരേഷ് പലകാര്യങ്ങളും തുറന്നടിച്ചത്. അനുമതിയില്ലാതെ പുസ്തകമെഴുതിയതിൽ ശിവശങ്കറിനെതിരെ നടപടിയെടുക്കുമോയെന്നും കണ്ടറിയേണ്ടതുണ്ട്.