പ്രഭാത വാർത്തകൾ

 

🔳സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ്, പിജി കോഴ്സുകളിലെ അമ്പതു ശതമാനം സീറ്റുകളുടെ ഫീസും മറ്റെല്ലാ ചാര്‍ജുകളും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ നിരക്കിനു തുല്യമായിരിക്കണമെന്ന് ഉത്തരവ്. നാഷണല്‍ മെഡിക്കല്‍ കമ്മീഷനാണ് ഉത്തരവു പുറത്തിറക്കിയത്. ഡീംഡ് സര്‍വകലാശാലകളിലും ഈ ഉത്തരവു ബാധകമാണ്. സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം. തലവരിപ്പണം പാടില്ലെന്നും നിര്‍ദേശമുണ്ട്.

🔳സംസ്ഥാനത്ത് സ്‌കൂളുകളുടെ നടത്തിപ്പു ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം നാളെ. 10, 11, 12 ക്ലാസുകള്‍ വൈകുന്നേരം വരെയാക്കും. ഒമ്പതുവരെയുള്ള ക്ലാസുകളും വൈകുന്നേരം വരെയാക്കാനും പരിഗണിക്കുന്നുണ്ട്. പരീക്ഷയ്ക്കുമുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കണം. ഒമ്പതുവരെയുള്ള ക്ലാസുകള്‍ ഫെബ്രുവരി 14 ന് ആരംഭിക്കും. 10, 11, 12 ക്ലാസുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളും നാളെ ആരംഭിക്കും. പരീക്ഷകളും മുടക്കമില്ലാതെ നടത്തും.

*🔳സംസ്ഥാനത്ത് ഇന്നു ലോക് ഡൗണിനു സമാനമായ നിയന്ത്രണം. പോലീസ് പരിശോധനയുണ്ടാകും. അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. ആരാധനാലയങ്ങളില്‍ 20 പേര്‍ക്കുവരെ മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ തുറക്കും.*

🔳കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഒരാഴ്ചത്തെ ക്വാറന്റൈന്‍ ആവശ്യമില്ല. രോഗലക്ഷണമുള്ളവര്‍ മാത്രം ആര്‍ടിപിസിആര്‍ പരിശോധന നടത്തിയാല്‍ മതി. പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ടു ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധന നടത്തും. എയര്‍ലൈന്‍ ജീവനക്കാരാണ് ഇവരെ കണ്ടെത്തേണ്ടത്. പരിശോധനയുടെ ചെലവ് സംസ്ഥാനം വഹിക്കും.

🔳സ്വര്‍ണക്കടത്തിന്റെ എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെയും ഇടത് മുന്നണിയേയും വീണ്ടും വെട്ടിലാക്കി. പോലീസ് കേസ് ഒതുക്കിയെങ്കിലും പുനരന്വേഷണത്തിനു കളമൊരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ കേന്ദ്രമായിരുന്നെന്ന ആരോപണം പ്രതിപക്ഷം ആവര്‍ത്തിച്ചു.

🔳സ്വര്‍ണക്കടത്തു കേസ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രിതമായി കുഴിച്ചുമൂടിയതിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കില്‍ പിണറായി വിജയനും ജയിലില്‍ പോകുമായിരുന്നു. സിനിമാനടന്‍ ദിലീപിനെതിരേയുള്ള പുനരന്വേഷണംപോലെ സ്വര്‍ണക്കടത്തു കേസിലും പുനരന്വേഷണം വേണം. നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് കേസ് ബിജെപിയും സിപിഎമ്മും ഒത്തുതീര്‍പ്പാക്കിയത്. അദ്ദേഹം ആരോപിച്ചു.

🔳സ്വപ്ന സുരേഷിന്റെ ഓഡിയോ ക്ലിപ്പ് ശിവശങ്കരന്‍ തയാറാക്കിയത് മുഖ്യമന്ത്രിയുടെ പ്രേരണയോടെയാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്‍. പുസ്തകരചനയുടെ പേരില്‍ ശിവശങ്കരനെ സസ്പെന്‍ഡു ചെയ്യണം. പുനരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳’നീ തോല്‍ക്കേണ്ടത് ഞങ്ങളുടെ രണ്ടു പാര്‍ട്ടിക്കാരുടേയും ആവശ്യമായിരുന്നു.’ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയയാള്‍ വെളിപെടുത്തിയെന്ന ഫേസ് ബുക്ക് കുറിപ്പുമായി അനില്‍ അക്കര. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ സഖ്യമുണ്ടാക്കിയിരുന്നെന്നു ചൂണ്ടിക്കാട്ടിയാണ് കുറിപ്പ്. അവരുടെ ഒത്തുകളിയില്‍ ‘ഞാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റുകാണും; എന്നാല്‍ അഴിമതിക്കെതിരായ പോരാട്ടത്തില്‍ എന്നെ തോല്‍പിക്കാനാവില്ല.’ അനില്‍ അക്കര ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

🔳വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെതെന്നു സംശയിക്കുന്ന ശബ്ദരേഖയുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടണം എന്ന നിര്‍ദേശമാണ് ശബ്ദരേഖയിലുള്ളത്. ഈ ശബ്ദരേഖയുടെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. 2017 നവംബര്‍ 15 നാണ് ഈ സംഭാഷണം നടന്നതെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു.

🔳കേന്ദ്രം ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് ചേര്‍ന്നതല്ലെന്നും കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ചിലര്‍ കാര്യമറിയാതെയും മറ്റു ചിലര്‍ വേറെ ചില ഉദ്ദേശത്തോടെയും പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ നാട്ടിലുള്ള ജനങ്ങള്‍ ഈ പദ്ധതി വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. മുഖ്യമന്ത്രി ദുബായില്‍ പറഞ്ഞു.

🔳പതിമൂന്ന് വയസുള്ള ബാലനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സൈക്കോളജിസ്റ്റ് ഗിരീഷിന് (58) ആറു വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 2017 ഓഗസ്റ്റ് 14 ന് വൈകിട്ട് ഏഴരയോടെ പ്രതിയുടെ മണക്കാടുള്ള വീട്ടിലെ തണല്‍ എന്ന സ്വകാര്യ ക്ലിനിക്കിലാണ് കേസിനാസ്പദമായ സംഭവം.

🔳കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒഴിവുകള്‍ നികത്തണമെന്നാവശ്യപ്പെട്ട് നഴ്സുമാരുടെ പ്രതിഷേധ സമരം. കേരള ഗവണ്‍മെന്റ് നഴ്സസ് യൂണിയന്‍ ആശുപത്രിക്കു മുന്നില്‍ മെഴുകുതിരി തെളിച്ച് സൂചനാ സമരം നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടായിരം നഴ്സിംഗ് ജീവനക്കാരാണ് ആകെ വേണ്ടത്. എന്നാല്‍ ഇപ്പോഴുള്ളത് അഞ്ഞൂറു പേര്‍ മാത്രമാണെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടി.

🔳ശസ്ത്രക്രിയക്ക് രോഗിയില്‍നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങിയ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. ഡോ. കെ ടി രാജേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

🔳കാസര്‍കോഡ് രണ്ടിടങ്ങളില്‍നിന്നായി 43 കിലോ കഞ്ചാവുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. ചെറുകിട വില്‍പനക്കാര്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. കാസര്‍കോഡ് ചൗക്കി, ബദിയടുക്ക എന്നിവിടങ്ങളില്‍നിന്നാണ് കഞ്ചാവ് പിടിച്ചത്.

🔳മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് നാലു വയസുകാരിയായ മകളെക്കൊണ്ട് വ്യാജ പോക്സോ പരാതി നല്‍കിയ പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ സിഡബ്ല്യുസി പൊലീസിനു നിര്‍ദ്ദേശം നല്‍കി. മലപ്പുറം വഴിക്കടവിലാണ് ഭാര്യാ സഹോദരനെ പോക്സോ കേസില്‍ കുടുക്കാന്‍ അച്ഛന്‍ മകളെക്കൊണ്ട് വ്യാജ പരാതി നല്‍കിയത്.

🔳മുര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വാവ സുരേഷിന് മന്ത്രി വി.എന്‍. വാസവനെ കാണണമെന്ന് ആഗ്രഹം. മെഡിക്കല്‍ കോളജ് അധികൃതര്‍ മന്ത്രിയെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ മന്ത്രി ഓടിയെത്തി. വാവ സുരേഷുമായി സംസാരിച്ചു. വിശ്രമിക്കണമെന്ന് നിര്‍ദേശിച്ചാണു പിരിഞ്ഞത്. സന്ദര്‍ശന ഫോട്ടോ മന്ത്രിതന്നെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

🔳കോഴിക്കോട് വലിയങ്ങാടിയില്‍ 10 ടണ്‍ റേഷനരി പിടികൂടി. സീന ട്രേഡേഴ്സ് എന്ന കടയില്‍നിന്നു 180 ചാക്ക് അരി ലോറിയില്‍ കടത്താനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. വാഹനമടക്കം കസ്റ്റഡിയിലെടുത്തു.

🔳യുപിഎസ്സി സിവില്‍ സര്‍വ്വീസ് പരീക്ഷ വിജ്ഞാപനമായി. upsc.gov.in. എന്ന വെബ്സൈറ്റ് വഴി ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. പ്രായപരിധി 21 വയസ്. പ്രിലിമിനറി പരീക്ഷ 2022 ജൂണ്‍ അഞ്ചിനാണ്.

🔳എറണാകുളത്ത് ചെരുപ്പുകുത്തിയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ അമ്മയും മകനും പിടിയില്‍. ആലുവാ കോമ്പാറയില്‍ സാവിയോ ബാബു (22), അമ്മ സോളി (42) എന്നിവരാണു പിടിയിലായത്. എറണാകുളം ജോസ് ജംഗ്ഷനില്‍ ചെരുപ്പുകുത്തിയായി ജോലി ചെയ്യുന്ന ജോയിയെ അടിച്ചുവീഴ്ത്തുകയും കത്തികൊണ്ട് ആക്രമിക്കുകയും ചെയ്തെന്നാണു കേസ്. അമ്മ സോളിക്കെതിരേ അപവാദ പ്രചാരണം നടത്തുകയും കൈ ഒടിക്കുകയും ചെയ്തതിന് ജോയിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

🔳കോഴിക്കോട് കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള മൂന്നു കടകളില്‍ തീപിടിത്തം. വൈകുന്നേരം ഏഴോടെയാണ് തീ ആളിപ്പടര്‍ന്നത്. നാദാപുരത്തുനിന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.

🔳ഗുരുവായൂരപ്പന്‍ കോളജ് റിട്ടയേഡ് പ്രിന്‍സിപ്പലും കേരള ക്ഷേത്ര സംരക്ഷണ സമിതി മുന്‍ സംസ്ഥാന പ്രസിഡന്റുമായ പ്രഫ. പി.സി. കൃഷ്ണവര്‍മരാജ അന്തരിച്ചു. 76 വയസായിരുന്നു. സാമൂതിരി രാജകുടുംബാംഗമാണ്.

🔳പഞ്ചാബില്‍ ചരണ്‍ജിത്ത് സിങ് ചന്നി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വകാര്യ ഏജന്‍സിയെ ഉയോഗിച്ചു നടത്തിയ സര്‍വേ ചന്നിക്ക് അനുകൂലമായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചന്നിയെ ഇന്നു പ്രഖ്യാപിക്കും. മുഖ്യമന്ത്രി പദം പങ്കിടേണ്ടെന്നും പാര്‍ട്ടി തീരുമാനമെടുത്തു. പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവിന്റെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

🔳കോളജ് വിദ്യാര്‍ഥിനികളേയും യുവതികളേയും ഉപയോഗിച്ച് മംഗലാപുരത്തു പ്രവര്‍ത്തിച്ചിരുന്ന സെക്സ് റാക്കറ്റ് സംഘം അറസ്റ്റിലായി. സംഘത്തില്‍നിന്നു രക്ഷപ്പെട്ട പതിനേഴുകാരിയുടെ പരാതിയിലാണ് മുഖ്യനടത്തിപ്പുകാരി ഷമീമ, ഭര്‍ത്താവ് സിദ്ധിഖ്, കൂട്ടാളി ഐഷമ്മ എന്നിവരടക്കം അഞ്ചുപേരെ പിടികൂടിയത്. മൂന്നുപേരെകൂടി പിടികൂടാനുണ്ടെന്നു മംഗളൂരു പോലീസ്.

🔳ഹൈദരാബാദിലെ സമത്വ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. പതിനൊന്നാം നൂറ്റാണ്ടിലെ ഭക്ത സന്യാസിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ രാമാനുജാചാര്യരുടേതാണ് പ്രതിമ. പഞ്ചലോഹങ്ങളില്‍ 216 അടി ഉയരത്തിലാണ് പ്രതിമ നിര്‍മ്മിച്ചത്. ഇരിക്കുന്ന സ്ഥിതിയിലുള്ള ലോകത്തെ രണ്ടാമത്തെ വലിയ പ്രതിമയാണിത്. 54 അടി ഉയരമുള്ള ഭദ്രവേദി എന്ന പേരിലുള്ള കെട്ടിടസമുച്ചയത്തിലാണ് പ്രതിമ സ്ഥാപിച്ചത്. 120 കിലോഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത രാമാനുജാചാര്യരുടെ വിഗ്രഹം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 13 ന് അനാവരണം ചെയ്യും.

🔳തെലുങ്കാനയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു വിമാനത്താവളത്തിലേക്കു പോയില്ല. സമത്വ പ്രതിമ ഉദ്ഘാടനം ചെയ്യാനും ഐസിആര്‍ഐഎസ്എടിയുടെ സുവര്‍ണ ജൂബിലി ഉദ്ഘാടനം ചെയ്യാനുമാണ് പ്രധാനമന്ത്രി ഹൈദരാബാദില്‍ എത്തിയത്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷന്‍ റെഡ്ഡി, തെലുങ്കാന മന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നിവര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

🔳സൗദി അറേബ്യയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘനിച്ചതിന് ഏഴായിരത്തിലേറെ പ്രവാസികളെ നാടുകടത്തി. ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ടു വരെയുള്ള ദിവസങ്ങളില്‍ ആകെ 7,227 പേരെയാണ് നാടുകടത്തിയത്. വിവിധ റെയ്ഡുകളില്‍ 13,279 നിയമ ലംഘകര്‍ പിടിയിലായി. പിടിയിലായവരില്‍ 6,712 പേര്‍ ഇഖാമ നിയമ ലംഘകരും 4,789 പേര്‍ നുഴഞ്ഞുകയറ്റക്കാരും 1,778 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.

🔳സൗദി അറേബ്യയില്‍ വന്‍ മയക്കുമരുന്നു കടത്ത് പിടികൂടി. 14 ലക്ഷത്തോളം കാപ്റ്റഗണ്‍ ഗുളികകള്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണു പിടികൂടിയത്. സൗദിയും ജോര്‍ദാനും അതിര്‍ത്തി പങ്കിടുന്ന അല്‍ ജൗഫിലെ അല്‍ഹദീസ ചെക്ക് പോസ്റ്റിലാണ് ലഹരി ഗുളികവേട്ട.

🔳അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് അഞ്ചാം കിരീടം. ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ കൗമാരപ്പട കിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ 14 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. രാജ് ബാവയുടെ ഓള്‍ റൗണ്ട് മികവിലാണ് ഇന്ത്യയുടെ കൗമാരപ്പട കിരീടത്തില്‍ മുത്തമിട്ടത്.

🔳ഐഎസ് എല്ലില്‍ ജംഷഡ്പൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗലൂരു എഫ് സി പോയന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി. ജംഷഡ്പൂരിനെതിരെ ഗോള്‍ നേടിയ സുനില്‍ ഛേത്രി ഐഎസ്എല്ലിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനെന്ന റോക്കോര്‍ഡിനൊപ്പമെത്തി. ബര്‍തോലോമ്യു ഒഗ്ബെച്ചെയാണ് 49 ഗോളുകളുമായി ഛേത്രിക്കൊപ്പമുളളത്.

🔳കേരളത്തില്‍ ഇന്നലെ 1,02,778 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത ഇന്നലെ 22 മരണം സ്ഥിരീകരിച്ചു. ഇന്നലെ രേഖപ്പെടുത്തിയ 422 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 57,740 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 46,813 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,52,399 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂര്‍ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833, കണ്ണൂര്‍ 1807, പാലക്കാട് 1577, ഇടുക്കി 1207, വയനാട് 923, കാസര്‍ഗോഡ് 503.

🔳രാജ്യത്ത് ഇന്നലെ 98,910 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 11,394, കര്‍ണാടക- 12,009, തമിഴ്‌നാട്- 7,524, ഡല്‍ഹി- 1,604.

🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തിരണ്ട് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒരു ലക്ഷത്തിനു മുകളില്‍. ബ്രസീല്‍ – 1,54,240, ഫ്രാന്‍സ്- 2,14,542, ഇംഗ്ലണ്ട് – 60,578, റഷ്യ- 1,77,282, തുര്‍ക്കി – 98,715, ഇറ്റലി- 93,157, ജര്‍മനി-1,66,620, ജപ്പാന്‍ – 94,431. ഇതോടെ ആഗോളതലത്തില്‍ 39.34 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.54 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,565 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 907, ഇന്ത്യ – 865, ബ്രസീല്‍ – 733, റഷ്യ- 714, ഇറ്റലി – 375, മെക്സികോ- 688. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 57.51 ലക്ഷമായി.

🔳ഫേസ്ബുക്ക് ഉടമയായ മെറ്റാ പ്ലാറ്റ്ഫോമുകള്‍ക്ക് ഒരു യുഎസ് കമ്പനിയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചതിന് ഒരു ദിവസത്തിന് ശേഷം, ആമസോണ്‍ എക്കാലത്തെയും വലിയ മൂല്യവര്‍ദ്ധന രേഖപ്പെടുത്തി. വിപണി മൂലധനം ഏകദേശം 190 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു. ആപ്പിളിന്റെ വിപണി മൂല്യം ജനുവരി 28-ന് ബില്യണ്‍ ഡോളറിന്റെ ഏകദിന നേട്ടം കൈവരിച്ചിരുന്നു. എന്നാല്‍ ആമസോണിന്റെ ഈ നേട്ടം അതിനെ മറികടന്നിരിക്കുകയാണ്. ആമസോണിന്റെ മൂല്യം ഇപ്പോള്‍ ഏകദേശം 1.6 ട്രില്യണ്‍ ഡോളറാണ്. വെള്ളിയാഴ്ച മെറ്റാ പ്ലാറ്റ്ഫോമുകളുടെ ഓഹരി 0.3 ശതമാനം ഇടിഞ്ഞതോടെ അതിന്റെ മൂല്യം ഏകദേശം 660 ബില്യണ്‍ ഡോളറായി.

🔳ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ മികച്ച അറ്റാദായം രേഖപ്പെടുത്തി എസ്ബിഐ. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ ബാങ്കിന്റെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 62 ശതമാനം ഉയര്‍ന്ന് 8,431.9 കോടി രൂപയായി. അനലിസ്റ്റുകള്‍ പ്രവചിച്ച 7,957.4 കോടി രൂപയ്ക്ക് ഏറെ മുകളിലാണ് ഫലങ്ങള്‍. മൂന്നാം പാദത്തില്‍ അറ്റ പലിശ വരുമാനം 6.5 ശതമാനം വര്‍ധിച്ച് 30,687 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 3.4 ശതമാനത്തിലേക്ക് ഉയര്‍ന്നു. വായ്പാ വളര്‍ച്ച മൂന്നാം പാദത്തില്‍ 6.5 ശതമാനം വര്‍ധിച്ച് 8.5 ശതമാനമായതായും എസ്ബിഐ അറിയിച്ചു.

🔳പുഷ്പയുടെ ഹിന്ദി പതിപ്പ് പുറത്തിറങ്ങി ഒടിടി പ്രദര്‍ശനം നടത്തിയിട്ടും തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുകയാണ് ചിത്രം. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പുറത്തുവിട്ട കണക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒടിടിയില്‍ ചിത്രം റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ ആഴ്ച തിയേറ്ററില്‍ നിന്ന് ലഭിച്ചത് 7.08 കോടിയും, രണ്ടാംവാരം 6.17 കോടിയും, മൂന്നാംവാരം 4.41 കോടിയും ആണ്. ചിത്രം നിലവില്‍ 100.85 കോടിയാണ് ഹിന്ദി പതിപ്പിന് മാത്രം ഇന്ത്യയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പിന്റെ ഒടിടി റിലീസിനു ശേഷം ഫെബ്രുവരി മൂന്ന് വരെയുള്ള 21 ദിവസങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 17.66 കോടി രൂപയുടെ കളക്ഷനാണ്. ഒരു ഹിന്ദി ചിത്രത്തിനു പോലും ലഭിക്കാന്‍ കഴിയാത്ത അത്ര നേട്ടമാണ് തെലുങ്കില്‍ നിന്ന് മാഴിമാറ്റം ചെയ്ത ‘പുഷ്പ’യ്ക്ക് ലഭിച്ചിരിക്കുന്നത്.

🔳അര്‍ജുന്‍ അശോകന്‍ നായകനാവുന്ന ‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്’ എന്ന ചിത്രത്തിലെ ടീസര്‍ പുറത്ത്. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. ബോബന്‍ ആന്‍ഡ് മോളി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് ബോബന്‍, മോളി എന്നിവരാണ്. പേര് സൂചിപ്പിക്കുന്നത് പോലെ രമേശന്‍ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.

🔳രാജ്യത്തെ ഏറ്റവും വിലയേറിയ കാര്‍ സ്വന്തമാക്കി മുകേഷ് അംബാനി. അള്‍ട്രാ ലക്ഷ്വറി കാറായ റോള്‍സ് റോയിസിന്റെ പുതിയ ഹാച്ച്ബാക്ക് അംബാനി സ്വന്തമാക്കിയത് 13.14 കോടി രൂപയ്ക്കാണ്. ആര്‍ടിഒ അധികൃതര്‍ നല്‍കുന്ന വിവരമനുസരിച്ച് രാജ്യത്തെ കാര്‍ വില്‍പനയില്‍ ഏറ്റവുമധികം തുക ചിലവഴിച്ചത് ഈ കാറിനാണ്. 2.5 ടണ്‍ ഭാരമുളള 12 സിലിണ്ടര്‍ കാറാണിത്. ‘ടസ്‌കണ്‍ സണ്‍’ കളറിലുളള കാറാണ് അംബാനി സ്വന്തമാക്കിയത്. 2037 ജനുവരി 30 വരെയാണ് കാറിന്റെ രജിസ്‌ട്രേഷന്‍ കാലാവധി. 20 ലക്ഷം രൂപയാണ് ഒറ്റതവണ നികുതിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് കാറിന് അടച്ചത്. റോഡ് സുരക്ഷാ നികുതിയായി 40,000 രൂപയും അടച്ചു. വിഐപി നമ്പറിനായി 12 ലക്ഷം രൂപ അടച്ചു. 0001 ആണ് നമ്പര്‍. അടുത്ത സിരീസിലെ ഒന്നാമത് വണ്ടിയാണ് അംബാനിക്ക് ലഭിക്കുക.

🔳ഇന്നേവരെ കണ്ടിട്ടില്ലാത്ത വൈറസ് ലോകം കീഴടക്കിയപ്പോള്‍ തൊഴിലിടമായ ഗുജറാത്തില്‍ നിന്നും ജന്മനാടായ ആസ്സാമിലേയ്ക്ക് നടല്‍ക്കേണ്ടി വന്ന ജാവേദിന്റെ കഥ. ‘പാന്‍ഡേമിക് ഡയറി’. ശിവപ്രസാദ് പാലോട്. ടെല്‍ബ്രെയ്ന്‍ ബുക്സ്. വില 190 രൂപ.

🔳ഉപ്പിന്റെ അളവ് ഭക്ഷണത്തില്‍ കുറയ്ക്കുകയും ശരിയായ രീതിയിലുള്ള വ്യായാമം ചെയ്യുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനുള്ള പ്രധാന വഴിയാണ്. എന്നാല്‍ ഒരു ഉപകരണത്തിന്റെയും ആവശ്യമില്ലാതെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. ചൂടു വെള്ളത്തില്‍ കുറച്ചു സമയം കുളിച്ചാല്‍ മതി. ചൂടുള്ള വെള്ളത്തില്‍ കുളിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ ശരീരം ചൂടാവുന്നു. ഇത് രക്തക്കുഴലുകളെ വികസിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ ശരീരത്തില്‍ രക്തം ശരിയായ രീതിയില്‍ പമ്പ് ചെയ്യുകയും രക്തസമ്മര്‍ദം കുറയുകയും ചെയ്യുന്നു. ജപ്പാനിലെ ഒസാക്ക യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 45നും 59നും ഇടയില്‍ പ്രായമുള്ള 30,000 ആളുകളില്‍ 20വര്‍ഷത്തിനിടെ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനറിപ്പോര്‍ട്ട്. അമിതമായി കുളിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പറയുമ്പോഴാണ് മറുവശത്ത് ഇങ്ങനെയൊരു ഗുണം കൂടിയുണ്ടെന്ന് തെളിയുന്നത്. കൂടാതെ ചൂടുവെള്ളത്തില്‍ കുളിക്കുന്നതു കൊണ്ട് മറ്റ് ആരോഗ്യഗുണങ്ങളും ശരീരത്തിന് ലഭിക്കും. ദിവസേന ചൂടുവെള്ളത്തില്‍ കുളിക്കുന്നവരില്‍ ഹൃദ്രോഗം വരാനുള്ള സാദ്ധ്യത കുറവാണ്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും കുളിക്കുകയാണെങ്കില്‍ പക്ഷാഘാതം വരാനുള്ള സാദ്ധ്യതയും കുറയും. ഭക്ഷണക്രമത്തില്‍ ലളിതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലൂടെ ഇത് നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയും. ഉപ്പിന്റെ അളവ് ഭക്ഷണത്തില്‍ പരമാവധി കുറയ്ക്കുക. നാരുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക. പയറും ബീന്‍സും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു വീട്ടമ്മ വെള്ളം ചൂടാക്കുകയാണ്. അടുപ്പില്‍ ഉണ്ടായിരുന്ന തവള ചാടിയപ്പോള്‍ ആ വെള്ളത്തിലേക്കാണ് വീണത്. വെള്ളം തിളക്കുമ്പോഴുണ്ടാകുന്ന ചെറു ചൂടിന്റെ സുഖത്തില്‍ തവള രക്ഷപ്പെടാന്‍ ശ്രമിക്കാതെ അവിടെ തന്നെ കിടന്നു. സമയം കടന്നുപോയി വെള്ളത്തിന്റെ ചൂടി കൂടിയപ്പോഴാണ് താന്‍ രക്ഷപ്പെടേണ്ട ആവശ്യകതയെക്കുറിച്ച് തവളയ്ക്ക് ബോധ്യം വന്നത്. പക്ഷേ, അപ്പോഴേക്കും നേരം വൈകിയിരുന്നു. ആ വെള്ളത്തില്‍ കിടന്നുതന്നെ തവളയുടെ ജീവിതവും അവസാനിച്ചു. പെട്ടെന്നുണ്ടാകുന്ന മരണത്തേക്കാള്‍ ഭീകരം സാവധാനമുള്ള മരണമാണ്. പെട്ടെന്നുണ്ടാകുന്ന മരണങ്ങള്‍ക്ക് വളെര വേഗം ശ്രദ്ധ ലഭിക്കും. എന്നാല്‍ പതുക്കെ പതുക്കെ സംഭവിക്കുന്ന ജീവഹാനി അംഗീകരിക്കാന്‍ സമയം ലഭിക്കുന്നത് കൊണ്ട് അവഗണിക്കപ്പെടുന്നു. നമ്മുടെ ജീവിതശൈലീ രോഗങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നത് ഇതേ മനോഗതികൊണ്ടാണ്. നിസ്സാരവത്കരിക്കുന്നതുകൊണ്ടും സൂചനകളെ അവഗണിക്കുന്നതുകൊണ്ടും ഇനിയും സമയമുണ്ടെന്ന് ധരിക്കുന്നതുകൊണ്ടുമാണ് പല വിപത്തുക്കളും നമ്മെ തേടിയെത്തുന്നത്. മുന്‍കൂട്ടി കാണാന്‍ ശേഷിയുള്ളവര്‍ക്കും മറ്റുള്ളവരില്‍ നിന്നും പഠിക്കാന്‍ കഴിയുന്നവര്‍ക്കും മാത്രമാണ് ദുസ്സൂചനകളെ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുക. ഏത് പ്രവൃത്തിയിലേര്‍പ്പെടുമ്പോഴും ഏത് സാഹചര്യത്തില്‍ പെടുമ്പോവും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഇതിന്റെ അനന്തരഫലമെന്നതാകും എന്ന്. ഉത്തരം സൃഷ്ടിപരമാണ് എന്നാണെങ്കില്‍ അവിടെ നമുക്ക് തുടങ്ങാം നാശകരമാണെങ്കില്‍ അതിവേഗം രക്ഷപ്പെടുക തന്നെ വേണം. സൂചനകളെ അവഗണിക്കാതിരിക്കാം – ശുഭദിനം