നിയമോപദേശം തേടിയേക്കും; ലോകായുക്ത ഭേദഗതിയിൽ ഗവർണറുടെ തീരുമാനം വൈകിയേക്കും

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഉടൻ തീരുമാനമെടുക്കില്ലെന്ന് സൂചന. എല്ലാ നിയമവശങ്ങളും ഇക്കാര്യത്തിൽ പരിശോധിക്കും. വിഷയത്തിൽ ഗവർണർ നിയമോപദേശം അടക്കം തേടിയേക്കും. ഇതിന് ശേഷമേ ഓർഡിനൻസിൽ ഒപ്പുവെക്കുന്ന കാര്യം ഗവർണർ ആലോചിക്കൂ.

19ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച നിയമഭേദഗതി ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ഭേദഗതി വിവാദമായതിന് പുറമെ ഭേദഗതി വരുത്തുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്ത് നിന്നടക്കം പരാതികൾ ഗവർണർക്ക് ലഭിച്ചിരുന്നു.

ഇന്ന് ലക്ഷദ്വീപിലേക്ക് തിരിച്ച ഗവർണർ തിങ്കളാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷമേ വിഷയം പരിശോധിക്കാൻ സാധ്യതയുള്ളു. ഇതിനാൽ തന്നെ ഗവർണറുടെ തീരുമാനം വൈകും. ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്ന് ഗവർണറെ കണ്ടിരുന്നു.