ലോകായുക്ത നിയമ ഭേദഗതിയിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടി

 

ലോകായുക്ത നിയമഭേദഗതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് വിശദീകരണം തേടിയത്. ഭരണഘടനാ വിരുദ്ധം, രാഷ്ട്രപതിയുടെ അനുമതി വേണം തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം നൽകേണ്ടത്

അതേസമയം, ലോകായുക്ത നിയമഭേദഗതിയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. ഭേദഗതിയിൽ നിന്ന് പിൻമാറാൻ കേന്ദ്ര നേതൃത്വം സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് വി.ഡി സതീശൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അഴിമതിയോടുള്ള സി.പി.എം നിലപാടിലെ കാപട്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പുറത്തുവന്നിരിക്കുന്നത് എന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരനും അഭിപ്രായപ്പെട്ടിരുന്നു. ലോക്പാൽ സമരകാലത്തും അതിന് ശേഷം അഴിമതിക്കെതിരായ സമരങ്ങളുടെ കാലത്തും സി.പി.എമ്മിന്റെ നേതാക്കന്മാർ അഴിമതിയോടുള്ള അസഹിഷണുതയുടെ വക്താക്കൾ ആയിട്ടാണ് രംഗത്ത് വന്നിരുന്നത്. പക്ഷെ ഇപ്പോൾ സി.പി.എമ്മിന്റെ തനിനിറം പുറത്തുവന്നിരിക്കുകയാണ്. ലോകായുക്ത നിയമത്തിൽ ഭേദഗതി വേണ്ടെന്നാണ് ബി.ജെ.പി നിലപാടെന്നും വി. മുരളീധരൻ പറഞ്ഞു.