സ്വർണക്കടത്ത് കേസിൽ കുറ്റവിമുക്തനാക്കുന്നതിന് മുമ്പ് തന്നെ എം ശിവശങ്കറെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വർണക്കടത്ത് പ്രതികളും തമ്മിലുള്ള ഒത്തുകളിയാണെന്ന് കോൺഗ്രസ് നേതാവും പഴയ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കസ്റ്റംസും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ് ശിവശങ്കർ. ലൈഫ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയായിട്ടുമില്ല. അങ്ങനെ പ്രതിയായി നിൽക്കുന്ന ഒരാളെയാണ് തിടുക്കത്തിൽ ചീഫ് സെക്രട്ടറിയുടെ സമിതിയെ കൊണ്ട് റിപ്പോർട്ട് എഴുതിവാങ്ങി സർവീസിൽ തിരിച്ചെടുക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു
കോടതി തീർപ്പ് കൽപ്പിക്കും മുമ്പ് തന്നെ സർക്കാർ പ്രതിയെ കുറ്റവിമുക്തനാക്കി. ഇതുവഴി എന്തുസന്ദേശമാണ് നൽകുന്നത്. രാജ്യദ്രോഹപരമായ കള്ളക്കടത്ത് നടത്തിയാലും സർക്കാർ ഒപ്പമുണ്ടെന്നല്ലേ. കളങ്കിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നല്ലേ. സർക്കാരിന് നിയമപരമായി സസ്‌പെൻഷൻ നീട്ടാനുള്ള അധികാരമുണ്ട്. എന്നാൽ കുറ്റാരോപിതനെ സംരക്ഷിക്കാനുള്ള തിടുക്കം കേസിലെ കള്ളക്കളികളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു