സമരത്തിൽ നിന്ന് പിന്മാറുന്നതായി സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: ചാർജ് വർധന അനിവാര്യമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന സ്വാഗതാർഹമാണെന്നും സമരത്തിൽ നിന്ന് പിന്മാറുന്നതായും സംസ്ഥാന സ്വകാര്യ ബസുടമകൾ.

ബസുടമകളുടെ മുന്നോട്ടു വെച്ച ആവശ്യം പരിഗണിച്ചതിൽ സന്തോഷമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ വ്യക്തമാക്കി.

മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല സമരത്തിലേക്ക് പോകാന്‍ സ്വകാര്യ ബസുടമകള്‍ തയാറെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ ബസ് ചാര്‍ജ് വർധനയിൽ തീരുമാനമെടുക്കുമെന്നും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യമാക്കുന്നത് സജീവ പരിഗണനയിലാണെന്നും ആന്‍റണി രാജു അറിയിച്ചിരുന്നു.