രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രാലയം ഇന്ന് യോഗം ചേരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ കൊറോണ നിരക്ക് കുറയുന്നത് പരിഗണിച്ച് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയേക്കാം. സ്‌കൂൾ തുറക്കുന്നതിന് പൊതുമാനദണ്ഡവും ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടും മരണ സംഖ്യ ഉയരുന്നത് വളരെ ഗൗരവമായാണ് ആരോഗ്യമന്ത്രാലയം നോക്കി കാണുന്നത്. വാക്‌സിന്റെ രണ്ടാം ഡോസ് സമയബന്ധിതമായി കൊടുത്ത് തീർക്കാനും സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം കർശന നിർദ്ദേശം നൽകും.
അതേസമയം, രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായി കേന്ദ്രം വിലയിരുത്തിയിരുന്നു. പ്രതിദിനം നാല് ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകിയ മുന്നറിയിപ്പ്. എന്നാൽ മൂന്ന് ലക്ഷത്തിൽ താഴെ കേസുകൾ മാത്രമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്തെ എഴുപത് ശതമാനത്തിലധികം ആളുകൾക്ക് വാക്‌സിൻ നൽകാൻ സാധിച്ചെന്നും കഴിഞ്ഞ യോഗത്തിൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി പകുതിയോടെ അർഹരായ മുഴുവൻ ആളുകൾക്കും പൂർണമായും വാക്‌സിൻ നൽകാനാണ് ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നത്. കൗമാരക്കാർക്കിടയിലും പ്രതിരോധ കുത്തിവെയ്പ്പ് വേഗത്തിൽ പൂർത്തിയാക്കും.