കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങൾ കർശനമാക്കാനും, വാക്‌സിൻ പ്രതിസന്ധി ചർച്ച ചെയ്യാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം ചേരും. വോട്ടെണ്ണൽ ദിനമായ മെയ് 2ന് ലോക്ക് ഡൗൺ ഏർപ്പെടുത്തണമോയെന്ന കാര്യവും യോഗം പരിഗണിക്കും
18നും 45നും ഇടയിലുള്ളവരുടെ വാക്‌സിനേഷൻ സ്വകാര്യ മേഖല വഴിയാക്കാനുള്ള കേന്ദ്ര തീരുമാനത്തിലും എന്ത് നടപടി സ്വീകരിക്കണമെന്നത് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിതല ഉന്നതതല യോഗവും ഇന്ന് ചേരുന്നുണ്ട്.
അതേസമയം ലോക്ക് ഡൗണിനോട് ഒരു പാർട്ടികളും യോജിക്കുന്നില്ല. ആരാധനാലയങ്ങൾ, ബീച്ചുകൾ, പാർക്കുകൾ എന്നിവിടങ്ങളിലെ ജനക്കൂട്ടത്തെ കർക്കശമായി നിയന്ത്രിക്കാനുള്ള തീരുമാനമുണ്ടാകും. യോഗങ്ങളും വാർത്താ സമ്മേളനങ്ങളും ഓൺലൈനാക്കാനും യോഗം തീരുമാനിക്കും
രോഗവ്യാപന തീവ്രത കുറയ്ക്കാൻ സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണയുണ്ടെന്ന് യുഡിഎഫ്, എൻഡിഎ കക്ഷികൾ നിലപാട് അറിയിച്ചിട്ടുണ്ട്. മെയ് 2ന് ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിനോട് പക്ഷേ പാർട്ടികൾക്ക് എതിർപ്പാണ്.