ആനക്കാംപൊയിൽ കിണറ്റിൽ വീണ ആ ആനയെ ഒടുവിൽ കര കയറ്റി

 

കിണറ്റിൽ വീണ ആനയെ രക്ഷിച്ച് കരകയറ്റി വനംവകുപ്പും നാട്ടുകാരും. മുത്തപ്പൻ പുഴയ്ക്ക് സമീപത്ത് ചെങ്കുത്തായ ഒരു മലയ്ക്ക് അടുത്തുള്ള ഒരു കിണറ്റിലാണ് ഇന്നലെ രാവിലെ ഒരു ആന വീണത്. ചെളി നിറഞ്ഞ കിണറ്റിൽ വീണ ആനയെ ഏതാണ്ട് എട്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് രക്ഷിച്ചത്.

രാവിലെ 11 മണിക്ക് തുടങ്ങിയ രക്ഷാപ്രവർത്തനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമേ അഗ്നിശമനസേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ഒറ്റമനസ്സോടെ പങ്കെടുത്തു. ”പേടിക്കണ്ട, പേടിക്കണ്ടാട്ടോ, എങ്ങനെയെങ്കിലും രക്ഷപ്പെടുത്താം”, എന്ന് നാട്ടുകാർ പറയുന്ന ദൃശ്യം മനസ്സലിയിപ്പിക്കുന്നതായിരുന്നു. ഒടുവിൽ എട്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ ആനയെ പുറത്തെത്തിക്കുകയായിരുന്നു.

ആന കിടന്ന കിണറ്റിലേക്ക് അടുത്ത് നിന്ന് ജെസിബി ഉപയോ​ഗിച്ച് ഒരു വഴി വെട്ടി ആനയ്ക്ക് നടന്ന് കയറി വരാൻ പാകത്തിൽ ആക്കിയ ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്ഥലത്ത് വേലി കെട്ടാൻ വന്ന ഫെൻസിംഗുകാരും നാട്ടുകാരുമാണ് കാടായി കിടന്ന ഇടത്ത് ഇങ്ങനെ ആന കിണറ്റിൽ കുടുങ്ങിയതായി കണ്ടെത്തി വനംവകുപ്പിനെ വിവരമറിയിച്ചത്. രണ്ട് ദിവസമായി ആന വീണ് കിടക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ആനയ്ക്ക് കാര്യമായി ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല എന്നാണ് വിവരം.