കോട്ടയം: പുതുപ്പള്ളി കൊച്ചാലുംമൂട് കളപ്പുരയ്ക്കൽ വീട്ടിൽ പരേതനായ ഡേവിഡിന്റ മകൻ ലിജോ ഡേവിഡ് (27) ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 ഓടെ കൊച്ചാലുംമൂട് പോളശേരി ചേരി പാടശേഖരത്തിലായിരുന്നു അപകടം.
ലിജോയും സുഹൃത്തുക്കളും വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ ലിജോയുടെ കാലുകൾ ആമ്പലിന്റെ വള്ളിയിൽ ഉടക്കുകയായിരുന്നുവെന്നു സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകി. തുടർന്നു, കാലുകൾ കുഴഞ്ഞ ലിജോ വെള്ളത്തിലേയ്ക്കു താഴ്ന്നു പോകുകയായിരുന്നു.
ലിജോയുടെ സുഹൃത്തുക്കൾ ബഹളം വെച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വെള്ളത്തിൽ ചാടി മുങ്ങിത്താഴ്ന്ന ലിജോയെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയിൽ നെഗറ്റീവാണ് എന്നു കണ്ടെത്തിയാൽ ഇന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.
മാതാവ്: ലീല. സഹോദരി: ലിജി.