കോവിഡ് വാക്സിനേഷന്‍: അസ്വസ്ഥതകള്‍ക്ക് കാരണം ഉത്കണ്ഠ, പാര്‍ശ്വഫലങ്ങളല്ല

വാക്സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന കൂടുതല്‍ അസ്വാസ്ഥ്യങ്ങളും അനാവശ്യ ഉത്കണ്ഠ മൂലമാണെന്നും വാക്സിന്‍ പാര്‍ശ്വഫലങ്ങളുമായി ഇതിന് ബന്ധമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിന്‍ പാര്‍ശ്വഫലങ്ങളെ കുറിച്ച് പഠിക്കുന്ന ദ നാഷണല്‍ അഡ്‌വേഴ്സ് ഇവന്റ്സ് ഫോളോവിങ് ഇമ്മ്യുണൈസേഷന്‍ (എഇഎഫ്ഐ) റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. വാക്സിന്‍ പാര്‍ശ്വഫലങ്ങളാണെന്ന് സംശയിച്ച ആകെയുള്ള 60 കേസുകളിലെ 50 ശതമാന (37 കേസുകള്‍) ത്തിനും അനാവശ്യ ഉത്കണ്ഠയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 27 പേരെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ മാസം എട്ടിനാണ് ഈ റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നല്‍കിയത്. 12ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ കണക്ക് 88 കേസുകളില്‍ 22 എണ്ണം (25 ശതമാനം) ആയിരുന്നു. 18 പേര്‍ ചികിത്സ തേടി. എന്നാല്‍ എന്തൊക്കെ രോഗലക്ഷണങ്ങളാണ് ഉത്കണ്ഠയായി കണക്കാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.

നിരവധി ലക്ഷണങ്ങളെ ഉത്കണ്ഠയായി കണക്കാക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നതെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് സോഷ്യല്‍ മെഡിസിന്‍ ആന്റ് കമ്മ്യൂണിറ്റി ചെയര്‍പേഴ്സണ്‍ ഡോ. രജിബ് ദാസ്ഗുപ്ത പറയുന്നു. മയക്കം, തലചുറ്റല്‍, ബോധക്ഷയം ഇവയെല്ലാം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളിലാണ് അനാവശ്യ ഉത്കണ്ഠ കൂടുതലും കാണപ്പെടുന്നത്.

വാക്സിനേഷന്റെ പ്രാരംഭ ഘട്ടത്തില്‍ ഉത്കണ്ഠ സ്വാഭാവികമാണ്. ജനങ്ങള്‍ക്കിടയിലെ സംശയങ്ങളാണ് ഇതിന് കാരണം. എന്നാല്‍ വാക്സിനില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുമ്പോള്‍ ഇത് കുറഞ്ഞുവരുമെന്ന് സമിതിയിലെ ഉപദേശകനായ ഡോ. എന്‍ കെ അറോറ പറഞ്ഞു.

എന്നാല്‍ ഈ ഉത്കണ്ഠയ്ക്കു കാരണം കൃത്യമായ കൗണ്‍സിലിങ് ലഭ്യമാക്കാത്തതു കൊണ്ടാണെന്നാണ് സമിതിയുടെ ഭാഗമല്ലാത്ത സ്വതന്ത്ര വിദഗ്ധരുടെ അഭിപ്രായം. ഈ ലക്ഷണങ്ങളെ വാക്സിന്‍ പാര്‍ശ്വഫലങ്ങളായി കാണുന്നതിനെയും ഇവര്‍ ചോദ്യം ചെയ്യുന്നു.