കോവിഡ് ആരംഭം മുതല്‍ ആറിലൊരു കുട്ടി കൊടുംപട്ടിണി നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്

കോവിഡ് ആരംഭം മുതല്‍ ആറിലൊരു കുട്ടി കൊടുംപട്ടിണി നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകബാങ്കിന്റെയും യുണിസെഫിന്റെയും വിശകലന റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ആറില്‍ ഒരു കുട്ടി അല്ലെങ്കില്‍ ആഗോളതലത്തില്‍ 356 മില്യന്‍ കുട്ടികള്‍ കൊടുംപട്ടിണിയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മഹാമാരി തുടങ്ങിയതു മുതല്‍ നേരിടുന്ന പട്ടിണി ക്രമേണ കൂടുതല്‍ ഗുരുതരമായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സബ് സഹാറന്‍ ആഫ്രിക്കയില്‍ മൂന്നില്‍ രണ്ട് കുട്ടികളും ഒരു ദിവസത്തെ ഉപജീവനത്തിനായി ഒരാള്‍ക്ക് 1.95 ഡോളറോ അതില്‍ കുറവോ ചെലവഴിക്കാനായി ഇല്ലാത്ത കുടുംബങ്ങളിലാണ് ഗ്ലോബല്‍ എസ്റ്റിമേറ്റ് ഓഫ് ചില്‍ഡ്രന്‍ ഇന്‍ മോണിറ്ററി റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കെ ഏഷ്യയില്‍ അഞ്ചിലൊരുഭാഗം കുട്ടികളുടെ കുടുംബങ്ങളും സമാന സാഹചര്യത്തിലാണുള്ളത്. 2013-2017 കാലയളവില്‍ കൊടുംപട്ടിണിയില്‍ ജീവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു. എന്നാല്‍ മഹാമാരി സമ്പദ് ഘടനയില്‍ തീര്‍ത്ത ആഘാതം സമീപ വർഷങ്ങളിൽ കൈവരിച്ച പുരോഗതികളെ മന്ദഗതിയിലാക്കിയെന്നും ഇത് അപകടമാണെന്നും ലോകബാങ്കും യുണിസെഫും മുന്നറിയിപ്പ് നല്‍കുന്നു.

ആറില്‍ ഒരു കുട്ടി ജീവിക്കാന്‍ വേണ്ടി പാടുപെടുകയാണെന്ന് യുണിസെഫ് പ്രോഗ്രാം ഡയറക്ടര്‍ സഞ‌്ജയ് വിജെശേഖരെ പറഞ്ഞു. പുതിയ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ കുട്ടികളും അവരുടെ കുടുംബങ്ങളും കൊടുംപട്ടിണിയിലാകുന്നതിന് മുമ്പേ ഇതിന് പരിഹാരം കാണാനുള്ള നടപടികള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ലോകത്തിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗവും കുട്ടികളാണ്. എന്നാല്‍ ദാരിദ്ര്യം അനുഭവിക്കുന്നവരില്‍ പകുതിയും കുട്ടികളാണ്. ഇത് ദാരിദ്ര്യം അനുഭവിക്കുന്ന മുതിര്‍ന്നവരേക്കാള്‍ രണ്ടിരട്ടി കൂടുതലാണ്. പട്ടിണി അനുഭവിക്കുന്ന കുട്ടികളില്‍ 20 ശതമാനവും അഞ്ച് വയസിന് താഴെയുള്ളവരാണ്. കൊടുംദാരിദ്ര്യത്തിലുള്ളവരുടെ കണക്കെടുത്താല്‍ ഇതില്‍ 50 ശതമാനവും കുട്ടികളാണെന്ന് ലോകബാങ്കിന്റെ ദാരിദ്ര്യം, ഇക്വിറ്റി വിഭാഗം ഡയറക്ടർ കരോലിന സാന്‍ചേസ് പരാമോ പറഞ്ഞു.

 

മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾക്കിടയിലെ പട്ടിണി കുറയുന്നില്ല. 2013 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2017ല്‍ ലോകത്ത് പട്ടിണി അനുഭവിക്കുന്നവരില്‍ വലിയൊരു ഭാഗവും കുട്ടികളായിരുന്നുവെന്ന് കരോലിന പറഞ്ഞു. ദുര്‍ബലവും സംഘര്‍ഷഭരിതവുമായ രാജ്യങ്ങളിലെ കൊടും പട്ടിണി അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. ഇവിടങ്ങളിലെ 40 ശതമാനം കുട്ടികളും കൊടുംപട്ടിണിയിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പട്ടിണി നേരിടുന്ന 70 ശതമാനം കുട്ടികളുടെ വീടുകളിലെ ഉപജീവനം കൃഷിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ് പ്രതിസന്ധി കുട്ടികള്‍, പെണ്‍കുട്ടികള്‍, സ്ത്രീകള്‍ എന്നിവരെ ഇനിയും ഗൗരവകരമായി ബാധിക്കുമെന്നും ഇത് ലിംഗസമത്വത്തില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ക്ക് ഭീഷണിയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതുകൊണ്ടുതന്നെ ദരിദ്രര്‍ക്കായി സാമൂഹ്യ സംരക്ഷണം ഉറപ്പാക്കുന്ന ദീര്‍ഘാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ഉടന്‍ ആവിഷ്കരിക്കണമെന്നും റിപ്പോര്‍ട്ട് ശു­പാര്‍ശ ചെയ്യുന്നു.