മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സമിതിക്ക് ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് സ്‌പേസ് പാര്‍ക്കിലെ നിയമനം ലഭിക്കാന്‍ കാരണം ശിവശങ്കര്‍ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌പേസ് പാര്‍ക്കില്‍ ഓപറേഷന്‍ മാനേജറായിട്ടാണ് സ്വപ്‌ന സുരേഷ് പ്രവര്‍ത്തിച്ചിരുന്നത്. ഈ നിയമനം ലഭിക്കാന്‍ കാരണം ശിവശങ്കറാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ശുപാര്‍ശ പ്രകാരമാണ് സ്‌പേസ് പാര്‍ക്കിലേക്ക് സ്വപ്‌ന സുരേഷ് എത്തുന്നത്. ഇവര്‍ക്ക് സ്വപ്‌നയുടെ പേര് നിര്‍ദേശിച്ചതും പ്രൊഫൈല്‍ നല്‍കിയതും ശിവശങ്കറാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ അന്വേഷണ സമിതിക്ക് ലഭിച്ചുവത്രെ.
കൂടാതെ ശിവശങ്കര്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നതാണ് അന്വേഷണ സമിതി കണ്ടെത്തിയ മറ്റൊരു പ്രധാന കുറ്റം. മറ്റു രാജ്യങ്ങളുടെ നയതന്ത്ര ജീവനക്കാരുമായി സൗഹൃദം ഉണ്ടാക്കാന്‍ പാടില്ല. ഇത് ചട്ടലംഘനമാണ്. കസ്റ്റംസ് കേസില്‍ ശിവശങ്കര്‍ പ്രതിയാകാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യണമെന്നും അന്വേഷണ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ശിവശങ്കറിനെ സസ്‌പെന്റ് ചെയ്ത കാര്യം സര്‍ക്കാര്‍ വൈകീട്ട് വ്യക്തമാക്കിയിരുന്നു. വകുപ്പുതല അന്വേഷണം ശിവശങ്കറിനെതിരെ തുടരാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.