ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; കോവിഡ് മുക്തരായ ചിലരുടെ കരളില്‍ കണ്ടെത്തിയത് ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് മുക്തരായവരില്‍ ചിലരുടെ കരളിന് തകരാര്‍ സംഭവിച്ചതായി കണ്ടെത്തല്‍. സ്റ്റിറോയ്ഡ് ഉപയോഗിച്ച് കോവിഡ് മുക്തരായ രോഗികളുടെ പലരുടെയും കരളില്‍ പഴുപ്പ് നിറഞ്ഞ വലിയ മുഴകള്‍ കണ്ടെത്തി. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

രണ്ടാം തരംഗം ആഞ്ഞടിച്ച ഏപ്രില്‍-മെയ് മാസങ്ങളില്‍ കോവിഡ് മുക്തരായ ചിലര്‍ വീണ്ടും സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രണ്ട് മാസത്തിനിടെ ഏകദേശം 14 രോഗികളിലാണ് കരളില്‍ പഴുപ്പ് നിറഞ്ഞതായി കണ്ടെത്തിയത്. കരളിന്റെ രണ്ട് ഭാഗങ്ങളിലും പഴുപ്പ് നിറഞ്ഞതായി കണ്ടെത്തിയ ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

28നും 74നും ഇടയില്‍ പ്രായമുള്ള പത്ത് പുരുഷന്മാരെയും നാല് സ്ത്രീകളെയുമാണ് സമാന രോഗലക്ഷണവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് എല്ലാവര്‍ക്കും പനിയും വയറുവേദനയും അനുഭവപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരില്‍ 8 പേര്‍ക്കാണ് സ്റ്റിറോയ്ഡ് നല്‍കിയത്. ആറ് രോഗികള്‍ക്ക് കരളില്‍ ഒന്നിലധികം വലിയ പഴുപ്പ് നിറഞ്ഞ മുഴകള്‍ കണ്ടെത്തി. അതില്‍ 5 രോഗികളില്‍ എട്ട് സെന്റി മീറ്ററിലധികം വലിപ്പമുള്ള അസാധാരണ മുഴകളാണ് കണ്ടെത്തിയത്. 19 സെന്റി മീറ്റര്‍ വലിപ്പമുള്ള മുഴയും ഒരാളില്‍ കണ്ടെത്തിയിരുന്നുവെന്ന് ഗംഗാറാം ആശുപത്രി പ്രൊഫസര്‍ അനില്‍ അറോറ പറഞ്ഞു.