വീണ്ടും ഭയപ്പെടുത്തി കോവിഡ്: അഞ്ച് രോഗികളില്‍ മലാശയ രക്തസ്രാവം: ഒരാള്‍ മരിച്ചു

 

ന്യൂഡല്‍ഹി: രണ്ടാം തരംഗം അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ വീണ്ടും ആശങ്ക സൃഷ്ടിച്ച് കോവിഡ്. ഡല്‍ഹിയില്‍ അഞ്ച് കോവിഡ് രോഗികളില്‍ സൈറ്റോമെഗലോ വൈറസുമായി (സി.വി.എം) ബന്ധപ്പെട്ട മലാശയ രക്തസ്രാവം കണ്ടെത്തി. ഇവരില്‍ ഒരാള്‍ മരിക്കുകയും ചെയ്തു.

ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലുള്ളവരിലാണ് മലാശയ രക്തസ്രാവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗപ്രതിരോധശേഷി കുറഞ്ഞ അഞ്ച് കോവിഡ് രോഗികളിലാണ് സി.വി.എം അണുബാധ കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവര്‍ക്ക് വയറുവേദനയും 20 മുതല്‍ 30 ദിവസം വരെ മലാശയത്തിലൂടെ രക്തസ്രാവവും ഉണ്ടായതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

അഞ്ച് രോഗികളില്‍ രണ്ട് പേര്‍ക്ക് കടുത്ത രക്തസ്രാവമുണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഇവരില്‍ ഒരാളെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെറുകുടല്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. 30നും 70നും ഇടയില്‍ പ്രായമായ ഡല്‍ഹി സ്വദേശികളിലാണ് മലാശയ രക്തസ്രാവം കണ്ടെത്തിയത്.