കുമ്പളങ്ങ നിസ്സാരമല്ല; സവിശേഷ സ്ഥാനമുണ്ട് ആയുര്‍വേദത്തിൽ

 

കുമ്പളങ്ങ നിസ്സാരമല്ല; സവിശേഷ സ്ഥാനമുണ്ട് ആയുര്‍വേദത്തിൽ

അകം പൊള്ളയായ തണ്ടുകളാൽ പടർന്നുകയറുന്നൊരു വള്ളിസസ്യമാണ് കുമ്പളം. വള്ളിഫലങ്ങളിൽ ഏറ്റവും മികച്ചത് കുമ്പളമാണെന്ന് ആയുർവേദം പറയുന്നു. കുമ്പളത്തിന്റെ ചെറിയ ഇനമായ നെയ്ക്കുമ്പളം അഥവാ പുള്ളു കുമ്പളത്തിനാണ് ഔഷധഗുണമേറെയും. ബുദ്ധിഭ്രമം, അപസ്മാരം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, മൂത്രതടസ്സം, ആമാശയ രോഗങ്ങൾ, അർശസ്സ് എന്നിവയുടെ ചികിത്സയിൽ കുമ്പളങ്ങ പ്രയോജനപ്പെടുത്തുന്നു.

പോഷകസമ്പന്നമാണ് കുമ്പളങ്ങ. ബുദ്ധിശക്തിക്കും ശരീരബലത്തിനും കുമ്പളം ഗുണകരമാണ്. കൂശ്മാണ്ഡം, ബൃഹത്ഫല, പീതപുഷ്പ എന്നീ പേരുകളും കുമ്പളത്തിനുണ്ട്. കുമ്പളത്തിന്റെ വള്ളി, ഫലം, തൊലി, പൂവ്, കുരു, ഇല ഇവ ഔഷധയോഗ്യമാണ്.

വളർച്ചയുടെ ഘട്ടങ്ങൾക്കനുസരിച്ച് കുമ്പളങ്ങയുടെ ഔഷധഗുണങ്ങളും വ്യത്യസ്തമാണ്. കുമ്പളവള്ളിയിൽ നിന്ന് പാകമായി താനേ അടർന്നുവീണ നെയ്ക്കുമ്പളങ്ങ മാനസികരോഗ ചികിത്സയിൽ ഫലപ്രദമാണ്. ഇളംപ്രായത്തിലുള്ള കുമ്പളങ്ങ രോമാവൃതമാണ്. മൂപ്പെത്താത്ത ഇവ കറിക്കുപയോഗിക്കാം. എന്നാൽ കായ്കൾ വിളയുന്നതോടെ രോമങ്ങളുടെ എണ്ണം കുറയുകയും കട്ടിയുള്ള തോടിൽ വെള്ളനിറമുള്ള മെഴുകുപദാർഥം രൂപംകൊള്ളുകയും ചെയ്യും. ഈ പാകത്തിലുള്ള കുമ്പളങ്ങയും തൊലിയും ഔഷധയോഗ്യവും ഭക്ഷ്യയോഗ്യവുമാണ്. മൂപ്പെത്തിയ കുമ്പളങ്ങത്തൊലി ആർത്തവ വിരാമപ്രശ്നങ്ങൾ, നേത്രരോഗങ്ങൾ, പ്രമേഹം, വിഷാദം ഇവയിൽ ഗുണം ചെയ്യും.

കുമ്പളങ്ങയിൽ വലിയ ശതമാനവും വെള്ളമാണ്. വിറ്റാമിൻ സി, നിയാസിൻ, തയാമിൻ, റൈബോഫ്ളാവിൻ, പ്രോട്ടീൻ, ഫ്ളേവനോയ്ഡുകൾ, ഗ്ലൈക്കോസൈഡ്സ്, കരോട്ടിൻ, യൂറോനിക് ആസിഡ് എന്നിവ കുമ്പളങ്ങയിലെ പ്രധാന ഘടകങ്ങളിൽപ്പെടുന്നു.

സ്വർണ മഞ്ഞനിറമാണ് കുമ്പളപ്പൂക്കൾക്ക്. സന്നിപാതജ്വരത്തിൽ കുമ്പളപ്പൂക്കൾ ആശ്വാസം പകരും. കുമ്പള വിത്തുകൾ മൂത്രനാളീരോഗങ്ങളിൽ ഗുണം ചെയ്യാറുണ്ട്. കൂടാതെ വരണ്ട ചുമ, ലൈംഗിക രോഗങ്ങൾ എന്നിവയിലും വിത്തുകൾ നല്ല ഫലം തരാറുണ്ട്. ചുണങ്ങിന് കുമ്പളവള്ളി ചുട്ട ഭസ്മം മരോട്ടിയെണ്ണയിൽ ചാലിച്ചുപയോഗിക്കാം.

ബെനിൻകാസ ഹിസ്പിഡ എന്നാണ് കുമ്പളത്തിന്റെ ശാസ്ത്രനാമം. സസ്യശാസ്ത്രജ്ഞനായ ഗിസെപ്പ് ബെനിൻ കാസയുടെ സ്മരണാര്ഥമാണ് ജീനസ് നാമം നൽകിയിരിക്കുന്നത്. ഹിസ്പിഡ എന്ന സ്പീഷിസ് നാമം സസ്യത്തിന്റെ രോമില സ്വഭാവത്തെ സൂചിപ്പിക്കുന്നു.കൂശ്മാണ്ഡഘൃതം, കൂശ്മാണ്ഡാസവം എന്നിവയിൽ കുമ്പളങ്ങ ഘടകമാണ്.