സംസ്ഥാനത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം പിജി ഡോക്ടർമാർ കടുപ്പിക്കുന്നു. നാളെ മുതൽ അത്യാഹിത വിഭാഗം ബഹിഷ്‌കരിക്കുന്നത് ഉൾപ്പെടെയുള്ള സമരരീതി സ്വീകരിക്കും. സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഡോക്ടർമാർ സമരം ശക്തമാക്കുന്നത്.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ സമരം ചെയ്യുന്ന പിജി ഡോക്ടർമാർക്ക് ഹോസ്റ്റൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ കത്ത് നൽകി. ഹോസ്റ്റലിൽ നിന്നും പുറത്തു പോകാൻ ആവശ്യപ്പെട്ടതിനെത്തുടർന്നു പിജി ഡോക്ടർമാർ കാമ്പസിലെ കാർ പോർച്ചിൽ കിടന്നു പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മെഡിക്കൽ കോളേജ് സ്റ്റുഡൻറ്‌സ് യൂണിയൻ ഇവർക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. സമരക്കാരെ കർശനമായി നേരിടുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് കത്തു നൽകിയത്.