സമരം തുടരുന്ന പി ജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്ന വിധത്തിൽ സമരം തുടരുന്ന പി ജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പി ജി ഡോക്ടർമാരുമായി രണ്ട് തവണ ചർച്ച നടത്തിയിരുന്നു. ഒന്നാംവർഷ പി ജി പ്രവേശനം നേരത്തെ നടത്തണമെന്നാണ് അവരുടെ ആവശ്യം. ഇത് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തിന് ഇതിലൊന്നും ചെയ്യാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു
ഒരു വിഭാഗം പി ജി ഡോക്ടർമാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും നോൺ കൊവിഡ് ചികിത്സയിലും മനപ്പൂർവം തടസ്സം സൃഷ്ടിക്കുകയാണ്. സർക്കാർ അനുഭാവപൂർണമായ നിലപാടാണ് പി ജി ഡോക്ടർമാരുടെ കാര്യത്തിൽ എടുത്തിട്ടുള്ളത്. കോടതിയുടെ മുന്നിലുള്ള വിഷയത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതികളുണ്ട്. ജനങ്ങളുടെ ചികിത്സ മുടക്കുന്ന തരത്തിലുള്ള സമരത്തിൽ നിന്നും പിൻമാറണം. അല്ലാത്തവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.