Headlines

പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ചെയ്യുന്ന ഒരാളല്ല ഞാന്‍, വാര്‍ത്ത ഞെട്ടിച്ചു, ക്രീം ഉപയോഗിച്ച ശേഷമാണ് പ്രമോട്ട് ചെയ്തത്: റെനീഷ റഹ്മാന്‍

എറണാകുളം: ആരോഗ്യം ക്ഷയിപ്പിക്കുന്ന എഫ് ട്യൂണ്‍ ക്രീം പ്രമോഷനില്‍ മാപ്പ് പറഞ്ഞ് തടിയൂരി ഇന്‍ഫ്‌ളുവന്‍സേഴ്‌സ്. തെറ്റ് പറ്റിയെന്ന് ടെലിവിഷന്‍ താരം റെനീഷ റഹ്മാന്‍.

ഇന്നുവരെ തന്റെ സോഷ്യല്‍ മീഡിയയില്‍ പ്രൊമോട്ട് ചെയ്തിട്ടുള്ള, റിവ്യൂ പറഞ്ഞിട്ടുള്ള ഏതൊരു പ്രൊഡക്റ്റും ഉപയോഗിക്കാതെ പ്രൊമോട്ട് ചെയ്തിട്ടില്ലെന്നാണ് റെനീഷ പപറയുന്നത്. സ്വിമ്മിം ക്ലാസിന് പോകുന്നതിനിടയില്‍ ക്ലോറിന്‍ വെള്ളം കാരണം മുഖത്ത് നല്ല ടാന്‍ ഉണ്ടായിരുന്നു. ആ സമയത്താണ് ഈ പ്രൊമോഷന്‍ വരുന്നത്. ഉപയോഗിച്ചതിന് ശേഷം പ്രമോഷന്‍ ചെയ്യാമെന്നാണ് പറഞ്ഞത്. 14 – 15 ദിവസത്തിന് മേലെ ഈ ക്രീം ഉപയോഗിച്ചിട്ടുണ്ടായിരുന്നു. നല്ല റിസള്‍ട്ടുമുണ്ടായി. ഒരു തരത്തിലുള്ള റിയാക്ഷനുമുണ്ടായില്ല. അതുകൊണ്ടാണ് അത്രയും ആത്മവിശ്വാസത്തോടെ ആ വീഡിയോ ചെയ്തത്. പ്രൊമോഷന്‍ ചെയ്യുമ്പോള്‍ പണം വാങ്ങാറുണ്ട്. അത് ഉപജീവനമാണ്. എന്നും പറഞ്ഞ് എന്തും പൈസയ്ക്ക് വേണ്ടി ചെയ്യുന്ന ഒരാളല്ല ഞാന്‍ – റെനീഷ പറഞ്ഞു.

ഓരോരുത്തരുടെയും ചര്‍മ്മത്തിന്റെ സ്വഭാവവും ആരോഗ്യവും വ്യത്യസ്തമായിരിക്കുമെന്നും അതിനാല്‍ സമൂഹമാധ്യമങ്ങളില്‍ റിവ്യൂകള്‍ മാത്രം കണ്ട് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും റെനീഷ പറയുന്നു. ഏതൊരു ഉല്‍പ്പന്നവും ഉപയോഗിക്കുന്നതിന് മുന്‍പ് ഒരു ഡോക്ടറുടെയോ ഡെര്‍മറ്റോളജിസ്റ്റിന്റെയോ നിര്‍ദേശം തേടേണ്ടതാണെന്നും ഇവര്‍ പറഞ്ഞു.

ഒരു വര്‍ഷം മുന്നേയാണ് ഫേസ് ക്രീമിന്റെ പ്രമോഷന്‍ ചെയ്തിട്ടുണ്ടായിരുന്നുവെന്ന് റെനീഷ പറഞ്ഞു. ഇതേ ഫേസ് ക്രീം ഉപയോഗിച്ച ഒരു വ്യക്തി ഒന്ന് രണ്ട് ദിവസം മുന്നേ ആശുപത്രിയിലായി. അവര്‍ക്ക് ആരോഗ്യ സ്ഥിതി മോശമായിഎന്നൊക്കെയുള്ള വാര്‍ത്ത കണ്ടു. വാര്‍ത്ത വന്ന സമയത്ത് നിങ്ങളേക്കാള്‍ ഞെട്ടലിലായിരുന്നു ഞാന്‍. അത് ഉപയോഗിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയിലും പ്രമോട്ട് ചെയ്തിരുന്ന വ്യക്തി എന്ന നിലയിലും ഞെട്ടിപ്പോയി. ആ കുട്ടി എത്രയും വേഗം സുഖം പ്രാപിക്കട്ടെ – റെനീഷ പറഞ്ഞു.

അതേസമയം, മുഖകാന്തി ഓഫര്‍ ചെയ്യുന്ന എഫ് ട്യൂണ്‍ ക്രീം പ്രമോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കണമെന്ന് പരാതി. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പൊതുപ്രവര്‍ത്തകനായ എം ടി മുര്‍ഷിദ് പരാതി നല്‍കി.