ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ അനുമതി; ഐഎംഎയുടെ പ്രതിഷേധ സമരം തുടങ്ങി

തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആഹ്വാനം ചെയ്ത സമരത്തില്‍ ഡോക്ടര്‍മാരുടെ വിവിധ സംഘടനകളായ കെജിഎംസി.ടിഎ, കെജിഎംഒഎ, കെജിഎസ്ഡിഎ, കെജിഐഎംഒഎ, കെപിഎംസിടിഎ തുടങ്ങിയവയും പങ്കെടുക്കും. സമരത്തിന്റെ ഭാഗമായി മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുള്‍പ്പെടെ നടത്തില്ല.

അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഇന്‍പേഷ്യന്റ് കെയര്‍, ഐ.സി.യു കെയര്‍ എന്നിവയിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. മോഡേണ്‍ മെഡിസിനില്‍ ഡോക്ടര്‍മാര്‍ നിരവധി വര്‍ഷത്തെ പഠനത്തിനും പരിശീലനത്തിനും ശേഷം ചെയ്യുന്ന ശസ്ത്രക്രിയകള്‍ ആയുര്‍വേദ ബിരുദാനന്തരബിരുദ സമയത്ത് കണ്ടുപഠിച്ച് ചെയ്യാമെന്ന തീരുമാനം വന്‍ദുരന്തത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. പി ടി സക്കറിയാസ്, സെക്രട്ടറി ഡോ. പി ഗോപികുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.

ശാല്യതന്ത്ര, ശാലാകൃതന്ത്ര എന്നിങ്ങനെ സ്‌പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നേടി 58 ശസ്ത്രക്രിയകള്‍ നടത്താണ് കേന്ദ്ര സര്‍ക്കാര്‍ അനുമതിയാണ് വിവാദമായിരിക്കുന്നത്. ആയുര്‍വേദ ഡോക്ടര്‍മാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ശസ്ത്രക്രിയക്കുള്ള അനുമതി. അതിലാണ് ആയുഷ് മന്ത്രാലയം അനുകൂല തീരുമാനമെടുത്തത്. ഇന്നത്തെ സമരം സൂചനയായാണ് കണക്കാക്കുന്നത്. തീരുമാനം മാറ്റിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികളാണ് ഐഎംഎ പരിഗണിക്കുന്നത്.