ആയൂര്‍വേദ എണ്ണത്തോണിയില്‍ ശിവശങ്കറിന് പിഴിച്ചില്‍; കാത്തിരുന്ന് കസ്റ്റംസും ഇഡിയും

തിരുവനന്തപുരം: അലോപ്പതി കൈവിട്ടപ്പോള്‍ ആയൂര്‍വേദ ആശുപത്രിയായ ത്രിവേണിയില്‍ പിഴിച്ചില്‍ ചികിത്സ തുടങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ മന്ത്രിമാരുള്‍പ്പടെ വിവധ ആവശ്യങ്ങള്‍ക്കായി കോണ്‍സുലേറ്റിലെത്തി എന്ന സ്വപ്നയുടെ മൊഴി പുറത്ത് വന്ന ദിവസം ഇതൊന്നുമറിയാതെ ആയൂര്‍വേദ ചികിത്സതേടിയത് ദുരൂഹതകൾ നിറയുന്നതായി വിലയിരുത്തൽ. എണ്ണപ്പാത്തിയില്‍ കിടത്തിയാണ് ശരീരത്തില്‍ കുഴമ്പ് പുരട്ടിയ ശേഷം ഔഷധങ്ങള്‍ ചേര്‍ന്ന എണ്ണ ചൂടാക്കി ഒഴിച്ചാണ് പിഴിച്ചില്‍.

എന്നാൽ നടുവേദനയുണ്ടെന്ന് പറഞ്ഞതിനാല്‍, നടുവിന്റെ എക്സ്‌റേ അടക്കമുള്ള പരിശോധനയില്‍ നട്ടെല്ലിലെ ഡിസ്‌കിന് ചെറിയ തള്ളലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിന് വിധേയനാവാന്‍ കൊച്ചിയിലേക്ക് തുടര്‍ച്ചയായി റോഡു മാര്‍ഗ്ഗം യാത്ര നടത്തിയതിനാലാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

ആയുർവേദ പിഴിച്ചിലിനു പുറമെ ഫിസിയോതെറാപ്പിയുമുണ്ട്. എത്ര ദിവസത്തെ ചികിത്സ വേണമെന്ന് പറയാറായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. തനിക്ക് നേരത്തേ നടുവേദനയുണ്ടായിട്ടുണ്ടെന്നും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സ നടത്തിയിരുന്നെന്നും എന്‍ഫോഴ്സ്‌മെന്റിന് ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നു.