ശിവശങ്കറിന് ‘വിഐപി’ സുരക്ഷയൊരുക്കി കസ്റ്റംസ്; സിആര്‍പിഎഫ് സംഘം ഇന്നെത്തിയേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ‘വിഐപി’ സുരക്ഷയൊരുക്കി കസ്റ്റംസ്. അദ്ദേഹത്തിന് സി ആര്‍ പി എഫ് സുരക്ഷ നല്‍കണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെ അറിയിച്ചിട്ടുണ്ട്. ഇതിനോട് ആഭ്യന്തര മന്ത്രാലയവും അനുകൂല നിലപാടാണ് കൈക്കൊണ്ടത്. ശിവശങ്കറിന് സുരക്ഷ ഒരുക്കുന്നതിനുളള പ്രത്യേക സി ആര്‍ പി എഫ് സംഘം ഇന്നുതന്നെ എത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍ അദ്ദേഹത്തിന് സി ആര്‍ പി എഫിന്റെ സുരക്ഷ ഏര്‍പ്പെടുത്തുന്നത് എന്തിനാണെന്ന് വ്യക്തമല്ല.

 

അതേസമയം ശിവശങ്കറിന് മെഡിക്കല്‍കോളേജില്‍ നിന്ന് നല്‍കുന്ന ചികിത്സയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് മെഡിക്കല്‍കോളേജ് അധികൃതര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്. നേരത്തേ ശിവശങ്കര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയാേടും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. നെഞ്ചുവേദനയായി പോയ ശിവശങ്കരനെ ഇപ്പോൾ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗം ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അതിനിടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും ശിവശങ്കറും തമ്മിലുളള ബന്ധത്തിന് കസ്റ്റംസിന് കൂടുതല്‍ തെളിവ് ലഭിച്ചു. നയതന്ത്ര ചാനല്‍ വഴി കടത്തിയ സ്വര്‍ണം പിടിച്ചശേഷം സന്ദീപ് നായരുമായി ബന്ധപ്പെട്ടെന്നതാണ് ശിവശങ്കറിനെതിരായ പ്രധാന സാക്ഷിമൊഴി. എന്നാല്‍ ഇക്കാര്യം ചോദ്യംചെയ്യലില്‍ ശിവശങ്കര്‍ നിഷേധിച്ചു. അതേസമയം ശിവശങ്കറിന് സ്വപ്ന ഐഫോണ്‍ സമ്മാനിച്ചിരുന്നുവെന്നും യൂണിടാക് ഉടമ സന്തോഷ് ഈപ്പനാണ് ഈ ഫോണ്‍ സ്വപ്നയ്ക്ക് നല്‍കിയതെന്നം കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തേ സ്വപ്നയ്ക്ക് താന്‍ കൈമാറിയെന്ന് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയ അഞ്ച് ഐഫോണുകളില്‍ ഒന്നാണോ ഇതെന്ന് വ്യക്തമല്ല.