ടെസ്റ്റുകൾ നടത്താതെ രോഗ വ്യാപനം മറച്ചുവയ്ക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് നിയന്ത്രണത്തിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു. 1200 ലധികം പേരാണ് കൊവിഡ് ബാധിതരായി കേരളത്തിൽ ഇതുവരെ മരണപ്പെട്ടത്.
ഒരു ലക്ഷത്തോളം പേർ ചികിത്സയിലും കഴിയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ രാജ്യത്ത് കേരളം ഒന്നാമതായി എന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ നടക്കുന്ന കൊവിഡ് മരണങ്ങളിൽ അഞ്ചിലൊന്നു നടക്കുന്നത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 24 മണിക്കൂർ തികയുന്നതിന് മുമ്പാണ്. കൊവിഡ് ടെസ്റ്റുകൾ നടത്തുന്നതിലെ അപര്യാപ്തതയാണ് ഇത് സൂചിപ്പിക്കുന്നത്.
കൃത്യമായ കൊവിഡ് മരണങ്ങളുടെ കണക്കുകൾ സർക്കാർ പുറത്ത് വിടാൻ തയ്യാറാകുന്നില്ല. ഇതുകൂടി പരിഗണിക്കുമ്പോൾ കേരളത്തിലെ കൊവിഡ് സാഹചര്യം കൂടുതൽ രൂക്ഷമാവുകയാണെന്ന് മനസിലാക്കണമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി