ആയുര്‍വേദത്തിലെ പരമ്പരാഗത ചികിത്സാരീതികളെ ഏറ്റവുമധികം പ്രയോജനപ്പെടുത്താവുന്ന കാലയളവാണ് മണ്‍സൂണ്‍. 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പുരാതന ആയുര്‍വേദ സമ്പ്രദായം വിശ്വസിക്കുന്നത്, മഴക്കാലത്താണ് മനുഷ്യശരീരം ഏറ്റവും ദുര്‍ബലമാകുന്നതെന്നും അതിനാല്‍ രോഗശാന്തിക്കായി ഏര്‍പ്പെടാന്‍ ഇതിലും അനുയോജ്യമായ സമയമില്ലെന്നും കണക്കാക്കപ്പെടുന്നു.
ഈ കാലയളവില്‍ ആയുര്‍വേദം ഫലപ്രദമാക്കുന്നതിന് ഒരു കാരണം അന്തരീക്ഷം പൊടിരഹിതവും തണുത്തതുമായി തുടരുന്നു എന്നതാണ്. ഇത് മരുന്നുകളും ഔഷധ എണ്ണകളും ഒഴുകാന്‍ അനുവദിക്കുന്ന സുഷിരങ്ങള്‍ തുറക്കുകയും അതുവഴി ശരീരത്തിന്റെ ആരോഗ്യവും ഊര്‍ജ്ജസ്വലതയും പുന:സ്ഥാപിക്കുകയും ചെയ്യുന്നു. ശരീരത്തിലെയും മനസ്സിലെയും അധിക ഊര്‍ജ്ജവും വിഷവസ്തുക്കളും നീക്കം ചെയ്യാന്‍ കര്‍ക്കിടക മാസം ആയുര്‍വേദത്തെ അനുവദിക്കുന്നു. കര്‍ക്കിടക ചികിത്സയുടെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.
കര്‍ക്കിടക ചികിത്സ
ദീര്‍ഘകാല ക്ഷേമത്തിനായി ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യത്തെ പോഷിപ്പിക്കുന്ന ഒരു പരമ്പരാഗത ചികിത്സാ രീതിയാണ് കര്‍ക്കിടക ചികിത്സ. കേരളത്തിലെ സവിശേഷ സാഹചര്യങ്ങള്‍ കൊണ്ടും കാലാവസ്ഥയുടെ പ്രത്യേകതകള്‍ കൊണ്ടുമാണ് കര്‍ക്കിടകം ആരോഗ്യരക്ഷയുടെ കാലമായി മാറിയത്. ശരീരത്തെ നിയന്ത്രിക്കുന്ന മൂന്ന് പ്രധാന ദോഷങ്ങളായ വാത, പിത്ത, കഫ ദോഷങ്ങളെ മനസ്സിലാക്കുന്നതിലൂടെയാണ് ഇത് ആരംഭിക്കുന്നത്. ഈ കാലയളവില്‍ നടത്തുന്ന ചികിത്സകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്, കാരണം മണ്‍സൂണ്‍ ഓരോ ദോഷങ്ങളെയും വ്യത്യസ്ത രീതികളില്‍ ബാധിക്കുന്നു.
ശരീരത്തിലെ ദോഷങ്ങളെ അകറ്റാന്‍
ധാരാളം വിഷവസ്തുക്കള്‍ വേനല്‍ക്കാലത്ത് അടിഞ്ഞുകൂടുകയും മഴക്കാലത്ത് ഇവയൊക്കെ വഷളാകുകയും ചെയ്യുന്നു. തത്ഫലമായി ഇത് വാതത്തെ പ്രതികൂലമായി ബാധിച്ച് പല രോഗങ്ങളിലേക്കും നയിക്കുന്നു. ചൂടുള്ള വേനല്‍ക്കാലത്തിനു ശേഷം പെയ്യുന്ന മഴ ഭക്ഷണങ്ങളില്‍ അസിഡിറ്റി വര്‍ദ്ധിപ്പിക്കുകയും ഇത് പിത്ത ദോഷം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പനി, അസിഡിറ്റി, ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇത് വഴിവയ്ക്കുന്നു. കൂടാതെ, മഴക്കാലത്ത് മലീമസമായ വെള്ളവും ഭക്ഷണവും കഫ ദോഷത്തെ വര്‍ദ്ധിപ്പിക്കുകയും ജലദോഷം, ചുമ, അലര്‍ജി, ചര്‍മ്മരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
ആയുരാരോഗ്യ സൗഖ്യത്തിന്
ഈ ദോഷങ്ങളെ ശരീരത്തില്‍ നിന്ന് അകറ്റാന്‍ കര്‍ക്കിടക ചികിത്സ സഹായിക്കുന്നു. രോഗങ്ങള്‍ തടയുന്നതിനും ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും ദീര്‍ഘായുസ്സിനായും കര്‍ക്കിടക ചികിത്സകള്‍ ഫലപ്രദമാണ്. മാത്രമല്ല, സന്ധിവാതം, സ്‌പോണ്ടിലൈറ്റിസ്, നടുവേദന, ഉറക്കമില്ലായ്മ, പേശി വേദന, സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയ പല രോഗങ്ങളെയും ഈ ചികിത്സയിലൂടെ തടയാവുന്നതാണ്
പഞ്ചകര്‍മ്മ
ആയുര്‍വേദ ചികിത്സയിലെ പ്രധാനഭാഗമാണ് പഞ്ചകര്‍മ്മ ചികിത്സ. ഇത് നടത്തുന്നതിനുള്ള ഏറ്റവും നല്ല സമയമായി മണ്‍സൂണ്‍ കാലത്തെ ആയുര്‍വേദം അംഗീകരിക്കുന്നു. ശരീരത്തെ വിഷമുക്തമാക്കി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് ശരീരത്തെ മുക്തമാക്കുകയും ചെയ്യുന്ന ഒരു പ്രധിരോധ ചികിത്സയാണ് പഞ്ചകര്‍മ.
പഥ്യം പ്രധാനം
പഥ്യവും ഈ ചികിത്സയുടെ ഒരു പ്രധാന വശമാണ്. മിക്ക ആയുര്‍വേദ സമ്പ്രദായങ്ങളിലും, പഥ്യം നിര്‍ബന്ധമാണ്. കൂടാതെ സസ്യാധിഷ്ടിതമായ ആരോഗ്യകരമായ ഭക്ഷണം, മസാജുകള്‍, വ്യായാമങ്ങള്‍, ഡയറ്റ് പ്ലാന്‍ എന്നിവയും ഈ കാലയളവില്‍ പിന്തുടരേണ്ടതാണ്. വിഷാംശം ഇല്ലാതാക്കുന്നതിനു പുറമെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും, മസാജുകള്‍ ഉപയോഗിച്ച് ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും ശരീരത്തിലെ കൊഴുപ്പ് നീക്കാനും ശരീരഭാരം കുറയ്ക്കാനും നിലവിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നീക്കാനും കര്‍ക്കിടക ചികിത്സ സഹായിക്കുന്നു.
ഔഷധക്കഞ്ഞി
കര്‍ക്കിടക മാസത്തില്‍ ഏറെ പ്രസിദ്ധമാണ് കര്‍ക്കിടക കഞ്ഞി. ഏറെ ഔഷധഗുണമുള്ള ഒരു പ്രത്യേക ആയുര്‍വേദ ഭക്ഷണമാണിത്. പച്ചില മരുന്നുകള്‍ ഇട്ട് ‘നവര’ അരി കൊണ്ട് തയാറാക്കുന്നതാണ് ഇത്. ജീരകം, മല്ലി, കുരുമുളക്, പെരുംജീരകം, ഉലുവ, കടുക്, ഉണങ്ങിയ ഇഞ്ചി, ചീര വിത്ത്, അയമോദകം, ഗ്രാമ്പു, ബൃഹതി വേരുകള്‍, ജാതിക്ക, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് അരി തിളപ്പിക്കുക. അരി പാകമായാല്‍ തേങ്ങാപ്പാല്‍, ഉള്ളി, നെയ്യ് എന്നിവ ചേര്‍ക്കുക. ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്ന ഒരു ഔഷധമായി ഇതിനെ കണക്കാക്കുന്നു.
ആരോഗ്യകരമായ ശീലങ്ങള്‍
ചികിത്സയ്ക്ക് വിധേയമാകുമ്പോഴോ അല്ലെങ്കില്‍ സാധാരണയായി മഴക്കാലത്തോ ഈ രീതികള്‍ പിന്തുടരാന്‍ നിര്‍ദേശിക്കുന്നു
ദിവസവും കുറഞ്ഞത് 2 ലിറ്റര്‍ ചെറുചൂടുള്ള വെള്ളം കുടിക്കുക
മാംസാഹാരം, വറുത്ത ഭക്ഷണങ്ങള്‍, മദ്യം, പുകവലി എന്നിവ ഒഴിവാക്കുക
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഔഷധക്കഞ്ഞി ഉള്‍പ്പെടുത്തുക
നേരത്തെയുള്ള ഉറക്കവും നേരത്തേ ഉണരുന്നതും പതിവാക്കുക
ദിവസവും രാവിലെ 10 മിനിറ്റ് ആഴത്തിലുള്ള ശ്വസന വ്യായാമം ചെയ്യുക
മാനസിക സന്തോഷത്തിനായി സാമൂഹിക ഒത്തുചേരലുകളില്‍ പങ്കാളികളാവുക
ആരോഗ്യമുള്ള മനസ്സ്
കിഴി, ഉഴിച്ചില്‍, പിഴിച്ചില്‍, നസ്യം, പഥ്യാഹാരം, ഔഷധക്കഞ്ഞി തുടങ്ങിയവയൊക്കെ കര്‍ക്കിടക ചികിത്സയിലെ പ്രധാന സമ്പ്രദായങ്ങളാണ്. ആള്‍ക്കാരുടെ സമയത്തിനനുസരിച്ച് രണ്ടാഴ്ച മുതല്‍ മുതല്‍ 21 ദിവസം വരെ ചികിത്സയുടെ സമയം ക്രമീകരിക്കാം. ആരോഗ്യത്തോടെയുള്ള ശരീരം നേടുന്നതിനു പുറമേ ആരോഗ്യമുള്ളൊരു മനസ്സു കൂടിയാണ് കര്‍ക്കിടക ചികിത്സ നമുക്ക് സമ്മാനിക്കുന്നത്.