രാവിലെ ശീലിക്കരുത് ഈ തെറ്റ്; പൊണ്ണത്തടി ഉറപ്പ്

തടി കുറയ്ക്കാനായി ചില സമയങ്ങളില്‍, നിങ്ങള്‍ എല്ലാ കാര്യങ്ങളും ശരിയായി ചെയ്യുന്നുണ്ടാകാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക.. എങ്കിലും ഇവയെല്ലാം ചെയ്തിട്ടും നിങ്ങളുടെ കഠിനാധ്വാനത്തെ നശിപ്പിക്കുന്ന ചില അടിസ്ഥാന ശീലങ്ങളുണ്ട്. എല്ലാ ശ്രമങ്ങളും നടത്തിയിട്ടും എന്തുകൊണ്ടാണ് ശരീരഭാരം കുറയ്ക്കാന്‍ കഴിയാത്തത് എന്ന ചിന്ത പലര്‍ക്കും വന്നക്കാം. അതെ, തീര്‍ച്ചയായും നിങ്ങള്‍ക്ക് തെറ്റ് സംഭവിക്കുന്ന ചില സ്ഥലങ്ങളുണ്ട്. തെറ്റായ പ്രവര്‍ത്തനങ്ങളിലൂടെ നിങ്ങളുടെ ദിവസം ആരംഭിക്കുമ്പോഴാണ് മിക്ക അബദ്ധങ്ങളും സംഭവിക്കുന്നത്.

വ്യായാമം ചെയ്യാതിരിക്കുന്നത്

രാവിലെ വ്യായാമം ചെയ്യുന്നത് കൂടുതല്‍ കലോറി കത്തിക്കാന്‍ സഹായിക്കുമെന്നും ശരീരഭാരം തടയുന്നുവെന്നും പഠനങ്ങള്‍ പറയുന്നു. ഒഴിഞ്ഞ വയറില്‍ രാവിലെ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ കൂടുതല്‍ കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്യും. അതിരാവിലെ എഴുന്നേല്‍ക്കുന്നതും വ്യായാമത്തിനായി സമയം ചെലവഴിക്കുന്നതും നിങ്ങള്‍ക്ക് തികച്ചും വ്യത്യസ്തവും ഉന്മേഷപ്രദവുമായ ശരീരം നല്‍കുന്നു. എന്നാല്‍, നിങ്ങള്‍ ജിമ്മില്‍ പോയി കഠിനമായി വ്യായാമം ചെയ്യണമെന്നില്ല. വേഗതയേറിയ നടത്തം, ജോഗിംഗ്, സൈക്ലിംഗ്, ഓട്ടം, നീന്തല്‍ മുതലായവ നിങ്ങള്‍ക്ക് പരിശീലിക്കാം. അരമണിക്കൂര്‍ വ്യായാമം പോലും നല്ല ഫലങ്ങള്‍ നല്‍കും. ഇത് നിങ്ങള്‍ക്ക് ഉന്മേഷവും ഊര്‍ജ്ജവും നല്‍കുന്നു, ഒപ്പം ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

ആവശ്യത്തിന് വെള്ളം കുടിക്കാത്തത്

ലോകമെമ്പാടുമുള്ള ഡയറ്റീഷ്യന്‍മാര്‍, പോഷകാഹാര വിദഗ്ധര്‍, ഫിറ്റ്നെസ് വിദഗ്ധര്‍ എന്നിവര്‍ ആദ്യം പറയുന്ന കാര്യമാണ് വെള്ളം കുടിക്കുന്നതിനെപ്പറ്റി. ആരോഗ്യകരമായി തുടരുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ധാരാളം വെള്ളം കുടിക്കാന്‍ ഇവര്‍ ശുപാര്‍ശ ചെയ്യുന്നു. ആവശ്യത്തിന് വെള്ളം കഴിക്കുന്നതിലൂടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനാവുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയും ചെയ്യുന്നു. രാവിലെ ഒന്നോ രണ്ടോ ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ഇത് നിങ്ങളുടെ ശരീരം ശുദ്ധീകരിക്കുന്നതിന് സഹായിക്കും. വെള്ളം കുടിക്കുന്നത് വിശപ്പും കലോറിയും കുറയ്ക്കുകയും ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

 

രാവിലത്തെ സൂര്യപ്രകാശം തട്ടാതിരിക്കുന്നത്

അതെ, സൂര്യപ്രകാശം ശരീരത്തിലടിക്കുന്നതും നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പുലര്‍കാല സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. അവ നിങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുകയും നിങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രാവിലെ സൂര്യപ്രകാശം ഏല്‍ക്കുന്നത് നിങ്ങളുടെ ബി.എം.ഐ കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

മിക്കവര്‍ക്കും എല്ലാ ദിവസവും രാവിലെ തിരക്കിലായതിനാല്‍ പ്രഭാതഭക്ഷണം എന്തെങ്കിലും കഴിക്കുന്നവരുണ്ടാകും. ചിലര്‍ കഴിക്കുകയേ ഇല്ല. പലരും എളുപ്പത്തിനായി സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നു. എന്നാല്‍, ഇത്തരം ഭക്ഷണങ്ങളിലെ പ്രിസര്‍വേറ്റീവുകളും അവയില്‍ ചേര്‍ത്ത വസ്തുക്കളും നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മാത്രമല്ല, പ്രഭാതഭക്ഷണത്തിനായി ജങ്ക്, ഫാസ്റ്റ് ഫുഡുകള്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുമെന്ന് ഉറപ്പാണ്. സംസ്‌കരിച്ച ഭക്ഷണങ്ങളിലെ പ്രിസര്‍വേറ്റീവുകളും പഞ്ചസാരയും നിങ്ങളുടെ ആസക്തി വര്‍ദ്ധിപ്പിക്കുകയും അമിതഭക്ഷണത്തിലേക്ക് നയിക്കുകയും ചെയ്യും. പ്രഭാതഭക്ഷണം ആരോഗ്യകരമായി വേണം കഴിക്കാന്‍. കൂടാതെ പഴങ്ങള്‍, നട്‌സ്, ഓട്‌സ്, ജ്യൂസ് മുതലായ പ്രകൃതിദത്ത ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണം.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്

മിക്ക ദിവസങ്ങളിലും, നിങ്ങള്‍ തിരക്കിലായിരിക്കും. നിങ്ങളുടെ എല്ലാ പ്രഭാത ജോലികളും തിരക്കുപിടിച്ച് തീര്‍ത്ത് ജോലിക്കായി ഇറങ്ങുമ്പോള്‍ പലരും പ്രഭാതഭക്ഷണം മറന്നേക്കാം. നിങ്ങളുടെ ഊര്‍ജ്ജ നില വര്‍ധിപ്പിക്കുന്ന ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണിതെന്ന കാര്യം ഓര്‍ക്കുക. നിങ്ങള്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ദിവസങ്ങളില്‍, നിങ്ങളുടെ മെറ്റബോളിസം താറുമാറാകും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കത്തുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. കൂടാതെ, നിങ്ങള്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ദിവസങ്ങളില്‍, മറ്റു സമയങ്ങളില്‍ മോശം ഭക്ഷണശീലത്തിലേക്കും നിങ്ങള്‍ പോയേക്കാം. പകല്‍സമയത്ത് ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്നത് അമിതമായ വിശപ്പ് തടയുന്നതിനും സഹായിക്കുന്നു.

അമിതമായി ഉറങ്ങുന്നത്

ശരീരഭാരം വര്‍ധിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് അമിത ഉറക്കം. രാത്രി ഒമ്പത് മണിക്കൂറിലധികം ഉറങ്ങുന്നത് അമിത ഉറക്കമായി കണക്കാക്കാം. എന്നിരുന്നാലും, നിങ്ങള്‍ രാത്രി ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുകയാണെങ്കില്‍, അത് ശരീരത്തിനു ദോഷകരമാണ്. അമിതവണ്ണത്തിന്റെ ജനിതക അപകടസാധ്യതയുള്ള ആളുകളില്‍ ഇത് വര്‍ദ്ധിക്കുന്നു. പകല്‍ സമയത്തുള്ള ഉറക്കവും നിങ്ങളുടെ ശരീരഭാരത്തെ പ്രതികൂലമായി ബാധിക്കും.