ബാഹ്യവസ്തുക്കൾ ചെവിയിൽ ഇടുന്നവരും, മൂക്കിലിട്ടു തുമ്മുന്നവരും അറിയാൻ; കാത്തിരിക്കുന്നുണ്ട് ഈ രോഗങ്ങൾ

 

 

തണുപ്പുകാലത്ത് തൊണ്ട, മൂക്ക്, ചെവി എന്നിവയിലുണ്ടാകുന്ന രോഗങ്ങള്‍ മാത്രമല്ല, ഇവയില്‍ അനുഭവപ്പെടുന്ന നിസ്സാരമായ അസ്വസ്ഥതകള്‍, ബുദ്ധിമുട്ടുകള്‍ എന്നിവപോലും അവഗണിക്കാന്‍ പാടില്ല; പ്രത്യേകിച്ചും ഈ കോവിഡ് കാല പശ്ചാത്തലത്തില്‍. ഈ മുന്നറിയിപ്പിനു കാരണം – ഇത്തരം പ്രയാസങ്ങള്‍ നാം ഉദ്ദേശിക്കാത്ത തലത്തിലുള്ള രോഗാവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കാന്‍ സാധ്യതയുണ്ടെന്നതിനാലാണ്.

തണുപ്പുകാലത്ത് തൊണ്ടയില്‍ ഉണ്ടാകുന്ന അസ്വസ്ഥതയ്ക്കു കാരണം നിര്‍വചിക്കപ്പെട്ടിരിക്കുന്ന രോഗകാരണങ്ങള്‍ക്കപ്പുറം നാം അവഗണിക്കുന്ന അല്ലെങ്കില്‍ നാം അറിയാതിരിക്കുന്ന ചിലതരം അലര്‍ജികള്‍ മൂലമാകാം. ഉദാഹരണത്തിന് തണുപ്പുകാലത്ത് അന്തരീക്ഷത്തില്‍ അലിഞ്ഞുചേരുന്ന ചിലതരം പൂമ്പൊടികള്‍ ചിലരില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ അവരുടെ ജീവിതത്തിന്റെതന്നെ താളം തെറ്റിക്കാം. നാം അറിയുന്നതും അറിയാത്തതുമായ അനേകതരം വൃക്ഷലതാദികള്‍ പൂവിടുന്നതും പരാഗണം നടത്തുന്നതും തണുത്ത കാലാവസ്ഥയിലാണ്. അങ്ങനെയാണ് തണുത്ത അന്തരീക്ഷത്തില്‍ ഇത്തരം പൂമ്പൊടികള്‍ അലിഞ്ഞലിഞ്ഞു കാറ്റില്‍ കലര്‍ന്ന് നമ്മുടെ മൂക്കിലുമെത്തുന്നത്. ചിലതരം പൂമ്പൊടിയുടെ അലര്‍ജി മൂലം മൂക്കിനുള്ളില്‍ തടിച്ചുവീര്‍ക്കലുണ്ടായി ശ്വാസോച്ഛ്വാസത്തിന് തടസ്സമുണ്ടാകാം അങ്ങനെയുള്ള രോഗികളുടെ എണ്ണം തണുപ്പുകാലത്ത് വര്‍ധിച്ചുവരികയാണ്.

അലര്‍ജി വരുമ്പോള്‍ അധികമായ തുമ്മല്‍, ജലദോഷം, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവ ഉണ്ടാവും. അലര്‍ജിയുടെ അടുത്ത ഘട്ടം മൂക്കിന്റെ അകത്തെ തൊലിയില്‍ നീരുകെട്ടുന്ന അവസ്ഥയാണ് (മ്യൂക്കോസല്‍ എഡിമ). അങ്ങനെ നീരുകെട്ടുമ്പോള്‍ സൈനസുകളുടെ ബഹിര്‍ഗമനമാര്‍ഗം അടയുകയും അത് സൈനസ് ഇന്‍ഫെക്‌ഷന് കാരണമാവുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ പോലും അലര്‍ജി ചികിത്സിക്കാതിരുന്നാല്‍ അത് മൂക്കിനുള്ളില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും. ചിലപ്പോള്‍ മൂക്കിനുള്ളില്‍ പോളിപ്പ് (ദശ വളര്‍ച്ച) വരാന്‍ പോലും അത് കാരണമാവും. കഠിനമായ തലവേദനയും പനിയും ഇതു മൂലമുണ്ടാകാം. മണം അറിയാനുള്ള കഴിവ് നഷ്ടപ്പെടുക എന്നതാണ് ഇതിന്റെ മറ്റൊരു ദൂഷ്യവശം.

മൂക്കിലുണ്ടാകുന്ന ഈ പ്രശ്‌നം പ്രധാനമായും ചെവിയെയാണ് ബാധിക്കുന്നത്. കാരണം മൂക്ക് അടയുമ്പോള്‍ മൂക്കിന്റെ പിന്‍ഭാഗത്തുള്ള ചെവിയും മൂക്കും തമ്മില്‍ യോജിപ്പിക്കുന്ന ട്യൂബും ഒപ്പം അടഞ്ഞുപോകും. അങ്ങനെ ചെവിയില്‍ സംഭവിക്കേണ്ട സ്വാഭാവിക മാലിന്യ നിര്‍മാര്‍ജ്ജനം തടസ്സപ്പെടും. ഇത് ചെവിയുടെ അകത്ത് വെള്ളം കെട്ടിനിന്ന് നീര്‍ക്കെട്ടുണ്ടാകാന്‍ കാരണമാകും. ഇതിന് ഒട്ടൈറ്റിസ് മീഡിയ എന്നാണ് പറയുന്നത്.

ചെവിയുടെ ഉള്ളില്‍ ഇങ്ങനെ കെട്ടിനില്‍ക്കുന്ന നീര് അഥവാ മിഡില്‍ ഇയര്‍ ഫ്ലൂയിഡ് (middle ear fluid) ക്രമേണ പഴുപ്പായി രൂപാന്തരപ്പെടാം. ചെവി അടപ്പ്, ചെവി വേദന എന്നിവയ്ക്കുള്ള കാരണമാകും. ഈ ഘട്ടം കഴിഞ്ഞാല്‍ ചെവിപ്പാട പൊട്ടി പഴുപ്പ് പുറത്തേക്ക് ഒലിക്കാം. ചെവിപ്പാടയില്‍ എന്തെങ്കിലും കാരണവശാല്‍ ദ്വാരമുള്ളവര്‍ക്ക് ഈ അവസ്ഥ അത്യന്തം ഗൗരവമേറിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. തണുപ്പുകാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായതിനാല്‍ ബാക്ടീരിയ അധികരിച്ച് ചെവി ചൊറിച്ചിലുണ്ടാകാം. താല്‍ക്കാലിക ആശ്വാസത്തിനുവേണ്ടി കയ്യില്‍ കിട്ടുന്നതെന്തെങ്കിലുമെടുത്ത് ചെവി ചൊറിഞ്ഞു സുഖം കണ്ടെത്താന്‍ ശ്രമിച്ചാല്‍ ഫലം വിപരീതമായിരിക്കും. മൂക്കിന്റെയും ചെവിയുടെയും ഈവിധ പ്രശ്‌നങ്ങള്‍ അവഗണിക്കരുത്. അസ്വസ്ഥതയുടെ ലക്ഷണം കണ്ടാലുടന്‍ വൈദ്യസഹായം തേടണം. ഇനി തൊണ്ടയുടെ കാര്യമാണ്.

മൂക്കില്‍ എന്ത് ഇന്‍ഫെക്‌ഷനുണ്ടായാലും അത് തൊണ്ടയെയും ബാധിക്കും. കാരണം മൂക്കിലെ ഇന്‍ഫെക്ടഡ് ആയിട്ടുള്ളതും അലര്‍ജി മൂലമുള്ളതുമായ ഫ്ളൂയിഡ് മൂക്കിന്റെ പിന്നിലൂടെ തൊണ്ടയിലേക്ക് ഇറങ്ങും. അങ്ങനെ ചുമയും തൊണ്ടവേദനയും ഉണ്ടാകുന്നു. ഇങ്ങനെയുള്ള ചുമ ശ്രദ്ധിക്കാതെ വിട്ടാല്‍ അത് ശ്വാസംമുട്ട് ഉണ്ടാകാന്‍ കാരണമാകും. മൂക്ക്, തൊണ്ട, ചെവി എന്നിവയിലെ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ തണുപ്പുകാലത്ത് പൊതുവായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ് നന്ന്. കോവിഡ് കാലം കൂടിയായതുകൊണ്ട് മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. അത് വൈറസിനെ പ്രതിരോധിക്കുക മാത്രമല്ല പൊടിപടലങ്ങളില്‍ നിന്ന് നിങ്ങളുടെ മൂക്കിനകവശം കൂടി സംരക്ഷിക്കും. അലര്‍ജിക്കു കാരണമാകുന്ന പൂമ്പൊടിപോലുള്ള ബാഹ്യവസ്തുക്കള്‍ മൂക്കിലേക്ക് കടക്കാതെ നോക്കും. പക്ഷേ മാസ്‌ക് ധരിക്കുമ്പോഴും ഒരു കാര്യം ശ്രദ്ധിക്കുക. ഒരു മാസ്‌ക് നിശ്ചിതസമയത്തേക്കു മാത്രം ഉപയോഗിക്കുക. ആവശ്യം കഴിഞ്ഞാാലുടന്‍ അലക്ഷ്യമായി വലിച്ചെറിയാതെ അവ ഡസ്റ്റ് ബിന്നിലിടുകയോ നശിപ്പിക്കുകയോ ചെയ്യണം.

വീട്ടിലെയും പുറത്തെയും പൊടിയില്‍നിന്ന് രക്ഷപ്പെടുക എന്നതാണ് രണ്ടാമത്തെ മാര്‍ഗം. അന്തരീക്ഷ മലിനീകരണമുള്ള സ്ഥലങ്ങളില്‍ മുന്‍കരുതലില്ലാതെ പോകരുത്. പുക ശ്വസിക്കരുത്. അടച്ചിട്ടിരുന്ന മുറികളില്‍ അധികനേരം തങ്ങരുത്. സ്വന്തം വീട്ടില്‍ത്തന്നെ വായുസഞ്ചാരമുള്ള മുറികളില്‍ ഉറങ്ങാനും വിശ്രമിക്കാനും ശ്രദ്ധിക്കണം. നനഞ്ഞ വസ്ത്രങ്ങള്‍ കൂട്ടിയിട്ട സ്ഥലത്ത് ദീര്‍ഘനേരം ഇരിക്കരുത്. ബാഹ്യവസ്തുക്കളൊന്നും മൂക്കില്‍ ഇടരുത്. മൂക്കിനകത്തേക്ക് കമ്പോ തുണിയോ നാരുകളോ ഇട്ട് തുമ്മരുത്. ലേപനങ്ങളൊന്നും തന്നെ മൂക്കിനകത്ത് പുരട്ടരുത്. മൂക്കിലെ അസ്വസ്ഥതകള്‍ അധികരിക്കുകയാണെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും ഒരു ഇഎന്‍ടി ഡോക്ടറെ കാണണം.

തണുപ്പുകാലമാണെങ്കിലും അധികം തണുപ്പോ അത്യധികമായ ചൂടോ തൊണ്ടയില്‍ തട്ടരുത്. അതനുസരിച്ചുള്ള ഭക്ഷണം കഴിക്കണം. തണുപ്പുകാലത്ത് ഐസ്‌ക്രീം പോലുള്ളവ ഒഴിവാക്കണം. തണുത്ത വെള്ളവും പാടില്ല. ഇളം ചൂടുവെള്ളമാണ് അഭികാമ്യം. തൊണ്ടയ്ക്ക് ആയാസമുണ്ടാക്കുന്ന വിധത്തില്‍ അലറി വിളിക്കരുത്. ഭക്ഷണവും വെള്ളവും മറ്റു ഭക്ഷ്യവസ്തുക്കളും ചെറിയ അളവില്‍ ചെറുചൂടോടെ കഴിക്കുന്നതാണ് ഉത്തമം. തണുപ്പുകാലത്ത് തൊണ്ടയടപ്പുണ്ടാകുകയാണെങ്കില്‍ അത് മാറ്റാന്‍ നാടന്‍ പ്രയോഗങ്ങളൊന്നും വേണ്ട, വൈദ്യസഹായം തേടണം. തൊണ്ടയിലെ കരുകരുപ്പ്, ചൊറിച്ചില്‍ എന്നിവയ്ക്കും പൊടിക്കൈകളൊന്നും സ്വീകരിക്കരുത്. തൊണ്ടകുത്തി ചുമ, ശബ്ദം മാറല്‍, തൊണ്ടവേദന, തൊണ്ടനീര് ഇതൊക്കെ തണുപ്പുകാലത്തുണ്ടാകാം. യാതൊരു കാരണവശാലും സ്വയം ചികിത്സിക്കരുത്. ഏറ്റവും അടുത്തുള്ള ഡോക്ടറെ കണ്ട് പരിഹാരം തേടണം.

തണുപ്പുകാലത്ത് ചെവി കൊട്ടിയടച്ചാല്‍ അതിന്റെ അസ്വസ്ഥത അകറ്റാനായി ചൂട് വയ്ക്കുന്ന നാടന്‍ രീതി അപകടകരമാണ്. അതുപോലെ ഇളംചൂടുള്ള എണ്ണ ചെവിയിലൊഴിക്കുന്ന ‘നാടന്‍ പ്രയോഗവും’ ആത്മഹത്യാപരം തന്നെ. ചെവിയിലെ അസ്വാസ്ഥ്യങ്ങള്‍ മാറാന്‍ ബാഹ്യവസ്തുക്കളൊന്നും ചെവിയില്‍ ഇട്ട് ചെവിയ്ക്കകം ചൊറിയരുത്. ചെവിയില്‍നിന്ന് നീരൊഴുക്കുണ്ടായാലോ പഴുപ്പ് വന്നാലോ ഉടന്‍ ചികിത്സ തേടണം. വൈറല്‍ ഇന്‍ഫെക്‌ഷന്‍ ചെവിയുടെ ഞരമ്പുകളെ ബാധിക്കുമ്പോള്‍ അത് തലച്ചുറ്റലായി പ്രകടമാകാം. അതും ശ്രദ്ധിക്കണം.

തണുപ്പുകാലത്ത് കേള്‍വിക്കുറവുണ്ടാകുന്നതായി പലരും പരാതിപ്പെടാറുണ്ട്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വൈദ്യപരിശോധന തേടുന്നതാണ് ഉത്തമം. ചെവിവേദന, ചെവിചൊറിച്ചില്‍, ചെവിയില്‍ നിന്നുള്ള നീരൊഴുക്ക്, ചെവികൊട്ടിയടക്കല്‍ എന്നിവയും ഉണ്ടെങ്കില്‍ അതു മാറ്റാന്‍ ഡോക്ടറുടെ സഹായം തേടുകയാണ് ഉത്തമം.

കോവിഡ് പശ്ചാത്തലത്തില്‍ തണുപ്പുകാലരോഗങ്ങളെ അപഗ്രഥനം ചെയ്യുമ്പോള്‍ ചെവി, മൂക്ക്, തൊണ്ട എന്നിവയ്ക്കുണ്ടാകുന്ന അസ്വാസ്ഥ്യങ്ങളെ നാം ഗൗരവപൂര്‍വം പരിഗണിക്കണം. കോവിഡും അനുബന്ധരോഗങ്ങളും നമ്മുടെ ശാരീരിക പ്രതിരോധ സംവിധാനത്തെ എങ്ങനെയാണ് ബാധിച്ചിരിക്കുക എന്നതു സംബന്ധിച്ച് മുന്‍കാല പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു പൂര്‍ണചിത്രം നമ്മുടെ പക്കലില്ലാത്തതുകൊണ്ട് ഈ ആവശ്യത്തിന് പ്രസക്തി ഏറുന്നു.