ദുബായ്: ക്സ്പോ 2020 ദുബായ് സന്ദർശനത്തിനായി ഒരുക്കിയ ഒരു പ്രത്യേക ഓഫർ ഒക്ടോബർ പാസ്സിന് ഏറെ തിരക്കേറുന്നു. അടുത്തയാഴ്ച ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഇവന്റിന് മുമ്പായി പ്രത്യേക ഓഫർ ടിക്കറ്റുകളുടെ ആവശ്യം വർദ്ധിക്കുകയാണ്. കാരണമെന്തെന്നാൽ എക്സ്പോയുടെ ഒരു ദിവസത്തെ പ്രവേശന നിരക്കിന് തുല്യമായ 95 ദിർഹത്തിന് 31 ദിവസം 192 രാജ്യ പവലിയനുകളിലായി, പ്രതിദിനം 60 തത്സമയ പരിപാടികളും 200 ലധികം ഭക്ഷണ പാനീയ ഔട്ട് ലെറ്റുകളുമെല്ലാം ആസ്വദിക്കാൻ കഴിയുമെന്നത് തന്നെയാണ് ഈ ഒക്ടോബർ പാസ്സിന്റെ പ്രത്യേകത.
95 ദിർഹം നൽകി ഒക്ടോബർ പാസ്സ് എടുത്താൽ ഒക്ടോബർ ഒന്ന് മുതൽ ഒക്ടോബർ 31 വരെ 31 ദിവസവും എക്സ്പോ 2020 ദുബായ് എന്ന ഇവന്റ് ആസ്വദിക്കാനാകും. എന്നാൽ ഈ പ്രമോഷൻ ഒക്ടോബർ 15 വരെ മാത്രമേ ലഭ്യമാകുകയുളളൂ.
ഓസ്കാർ നേടിയ സംഗീതജ്ഞനും ഗാനരചയിതാവുമായ എ ആർ റഹ്മാന്റെ നേതൃത്വത്തിലുള്ള ഫിർദൗസ് വനിതാ ഓർക്കസ്ട്രയുടെ പരിപാടിയും , സ്പേസ് വീക്ക് ഇവന്റുകൾ, അറബ് സംഗീത പ്രതിഭകൾ ഉൾപ്പെടുന്ന ജൽസ നൈറ്റ്സ്, കായിക, കല, സാംസ്കാരിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ദൈനംദിന പരിപാടികൾ എന്നിവ അടുത്ത മാസമായ ഒക്ടോബറിലെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.