പാലക്കാട് അഗളി പഞ്ചായത്തില്‍ കൂറു മാറിയ കോണ്‍ഗ്രസ് അംഗം മഞ്ജു എന്‍ കെ പ്രസിഡന്റ് സ്ഥാനം രാജി വച്ചു. കോണ്‍ഗ്രസ് പ്രതിനിധി ആയി മത്സരിച്ച് വിജയിച്ച മഞ്ജു എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് ആയിരുന്നു. എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരിക്കുമെന്ന് മഞ്ജു എന്‍ കെ പറഞ്ഞു.
അന്നും ഇന്നും അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. നാളെയും അങ്ങനെയായിരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് നിര്‍ദേശിച്ചപ്പോള്‍ എല്‍ഡിഎഫ് മെമ്പര്‍മാര്‍ എനിക്ക് പിന്തുണ നല്‍കുക മാത്രമാണ് ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ ഈ പിന്തുണ സ്വീകരിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. അതിനാല്‍ പ്രസിഡന്റ് സ്ഥാനം ഞാന്‍ രാജിവെക്കുന്നു – മഞ്ജു പറഞ്ഞു.
അഗളി പഞ്ചായത്തിലെ കൂറുമാറ്റത്തില്‍ മഞ്ജുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇരുപതാം വാര്‍ഡില്‍ നിന്നും വിജയിച്ച മഞ്ജു എല്‍ഡിഎഫ് പിന്തുണയോടെയാണ് പ്രസിഡണ്ടായത്. പാര്‍ട്ടി വീപ്പ് നല്‍കിയില്ലെന്നായിരുന്നു മഞ്ജുവിന്റെ വാദം. എന്നാല്‍ വീപ്പ് മഞ്ജു കൈപ്പറ്റിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകളും കോണ്‍ഗ്രസ് പുറത്ത് വിട്ടു. 21 സീറ്റ് ഉള്ള അഗിളിയില് 10 യുഡിഎഫ് ഒമ്പത് എല്‍ഡിഎഫ് രണ്ട് ബിജെപി എന്നിങ്ങനെയായിരുന്നു കക്ഷിനില. എന്നാല്‍ മഞ്ജു കൂറുമാറിയതോടെ എല്‍ഡിഎഫ് ഭരണ തുടര്‍ച്ച ഉറപ്പിച്ചു. ഇതോടെ വലിയ അതൃപ്തിയാണ് കോണ്‍ഗ്രസിന് ഇടയില്‍ ഉണ്ടായത്. പഞ്ചായത്ത് ഓഫീസിന് മുമ്പില്‍വെച്ച് മഞ്ജുവിനെതിരെ പ്രവര്‍ത്തകര്‍ ഭീഷണി മുദ്രാവാക്യം മുഴക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.







