Headlines

ആളെ ‘കണ്ടില്ലെങ്കിൽ’ എൽപിജി സിലിണ്ടർ ബുക്കിങ് റദ്ദാക്കുന്നു; വിശദീകരണം നൽകാതെ കമ്പനികൾ

 

തിരുവനന്തപുരം ∙ ഏജൻസികളിൽനിന്നു പാചകവാതകസിലിണ്ടർ വിതരണം 2 ദിവസത്തിൽ കൂടുതൽ വൈകിയാൽ ബുക്കിങ് റദ്ദാക്കുന്ന സംഭവങ്ങളിൽ വിശദീകരണം നൽകാതെ പാചകവാതക റീഫില്ലിങ് കമ്പനികൾ. എന്നാൽ, ബിപിസിഎൽ ഉപയോക്താക്കളുടെ ബുക്കിങ്ങുകൾ, വിതരണ ഏജൻസികൾ അറിയാതെ സെയിൽസ് ഓഫിസർമാർ നേരിട്ടു റദ്ദാക്കുന്നതായി ഏജൻസികളുമായി ബന്ധപ്പെട്ടവർ ‘മനോരമ’യോടു പറഞ്ഞു.

 

മൂന്നു തവണ വിതരണത്തിന് എത്തുമ്പോഴും ഉപയോക്താവിനെ കാണാതെ മടങ്ങേണ്ടിവരുന്ന സന്ദർഭങ്ങളിൽ മാത്രമാണ് ബുക്കിങ് റദ്ദാക്കാൻ അനുവാദമുള്ളത് എന്നാണ് ബിപിസിഎൽ അധികൃതർ നൽകുന്ന അനൗദ്യോഗിക വിശദീകരണം. വിതരണത്തിന് വീടുകളിൽ എത്തുമ്പോൾ ആളില്ലെങ്കിൽ രണ്ടോ മൂന്നോ അവസരങ്ങൾ വീട്ടുകാരുടെ അഭ്യർഥന പ്രകാരം നൽകാറുണ്ടെന്ന് ഏജൻസി പ്രതിനിധികൾ വിശദീകരിച്ചു. അതേസമയം, ഓണം പോലുള്ള ഉത്സവ സീസണുകളിൽ അനാവശ്യമായി കൂടുതൽ ബുക്കിങ് നടത്താൻ ഉപയോക്താക്കൾ നീക്കം നടത്തരുതെന്നു പാചകവാതക റീഫില്ലിങ് കമ്പനികളുടെ അധികൃതർ വ്യക്തമാക്കി