‘ഓണകിറ്റിലെ ഏലയ്ക്ക ഗുണനിലവാരമുള്ളത് തന്നെ’; പ്രതിപക്ഷ ആരോപണം തള്ളി സപ്ലൈക്കോ

കൊച്ചി: ഓണകിറ്റിലെ ഏലയ്ക്ക ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി സപ്ലൈക്കോ. ഇടുക്കിയിലെ കർഷക സംഘങ്ങളടക്കം കേരളത്തിൽ നിന്നുള്ള നാല് കമ്പനികൾക്കാണ് ഏലം വിതരണത്തിനുള്ള ഓർഡർ നൽകിയത്. തമിഴ്നാട്ടിലെ ഇടനിലക്കാരുടെ ഇടപെടൽ ഏലയ്ക്ക വിതരണത്തിൽ ഉണ്ടായിട്ടില്ലെന്നും സപ്ലൈകോ എംഡി അലി അസ്കർ പാഷ ഒരു സ്വകാര്യ ചാനലിനോട്  പറഞ്ഞു.

സർക്കാർ വിതരണത്തിന് തയ്യാറാക്കിയ 85 ലക്ഷം ഓണക്കിറ്റിലെ ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ലെന്നും ഇവ കൂടിയ വിലയ്ക്കാണ് വാങ്ങിയതെന്നുമാണ് പ്രതിപക്ഷ ആരോപണം. എന്നാൽ ഈ ആരോപണം തള്ളുകയാണ് സ്പ്ലൈകോ. കിറ്റ് ഒന്നിൽ 20 ഗ്രാം വീതം 85 ലക്ഷം പാക്കറ്റ് ഏലയ്ക്കാ വാങ്ങാനാണ് സർക്കാർ തീരുമാനിച്ചത്. ജൂലൈ 31 ന് തന്നെ കിറ്റ് വിതരണത്തിന് സർക്കാർ തീരുമാനിച്ചതിനാൽ ആദ്യ 5 ലക്ഷം ഏലയ്ക്ക പാക്കറ്റുകൾ ലോക്കൽ മാർക്കറ്റിൽ നിന്ന് വാങ്ങി. ബാക്കി വരുന്നവയ്ക്ക് ടെണ്ടർ വിളിച്ചാണെടുത്തത്. ഇടുക്കിയിലെ പട്ടം കോളനി സൊസൈറ്റി, കോഴിക്കോട്ട് ഉണ്ണികുളം സൊസൈറ്റി പീരുമേടുള്ള ഹോച്ച് ലാന്‍റ്, തൃശ്ശൂരിലെ റോയൽ റിച്ച് കമ്പനികളാണ് ടെണ്ടർ വിജയിച്ചത്. ഈ കമ്പനികൾക്കാണ് ഏലം വിതരണത്തിന് അനുവാദം നൽകിയത്.

ടെണ്ടറിൽ നിർദ്ദേശിച്ചത് പ്രകാരമുള്ള 6.5 മിമി ഗുണനിലവാരം ഏലയ്ക്കയ്ക്ക് ഉണ്ടായിരുന്നതായും പരിശോധനയിൽ എവിടെയും ഗുണനിലവാര പ്രശ്നം കണ്ടെത്തിയിട്ടില്ലെന്നും സപ്ലൈകോ എംഡി വിശദീകരിക്കുന്നു. സ്പൈസസ് മാർക്കറ്റിൽ നിന്ന് ഏലം നേരിട്ട് വാങ്ങി പാക്കിംഗ് പൂർത്തിയാക്കാൻ സപ്ലൈകോയ്ക്ക് സാധിക്കുമായിരുന്നില്ല. ടെണ്ടർ വിജയിച്ച ചില കമ്പനികൾ ഏലയ്ക്ക പാക്കിംഗ് നടത്തിയത് തമിഴ്നാട്ടിലാണ്. എന്നാൽ അതിന് ശേഷമാണ് ഗുണനിലവാരം പരിശോധിച്ചത് എന്നതിനാൽ തിരിമറിയ്ക്ക് സാധ്യതയില്ല. ടെണ്ടറിൽ പങ്കെടുത്ത കമ്പനികൾക്ക് നൽകാൻ കഴിയാതെ വന്ന പതിനഞ്ചര ലക്ഷം പാക്കറ്റ് ഏലം വാങ്ങിയത് കൺസ്യൂമർ ഫെഡ്, റെയ്ഡ്കോ എന്നിവിടങ്ങളിലുമാണെന്ന്, ഈ സഹാചര്യത്തിൽ ഇടനിലക്കാരുടെ ഇടപെടലിന് യാതൊരു സാധ്യതയുമുണ്ടായിട്ടില്ലെന്നും സപ്ലൈകോ വിശദീകിരിക്കുന്നു.