മലപ്പുറം: തിരൂർ ചെറിയമുണ്ടത്ത് യുവാവിന് സദാചാര ഗുണ്ടകളുടെ ക്രൂരമർദ്ദനം. 23 കാരനായ സൽമാനുൽ ഹാരിസിനെയാണ് ഒരു സംഘം യുവാക്കൾ വഴി തടഞ്ഞ് ആക്രമിച്ചത്. ഒരു പെൺകുട്ടിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകർത്തിയ അക്രമിസംഘം ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇന്നലെ വെെകിട്ട് നാല് മണിയോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ സൽമാനുൽ ഹാരിസിന്റെ അമ്മ സുഹ്റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെതിരെയാണ് ആക്രമണമുണ്ടായതെന്ന് സുഹ്റ പരാതിയിൽ പറയുന്നു.